‘രക്ഷ’ എന്ന വാക്ക് മനുഷ്യന് സര്‍വ്വ സാധാരണയായി സാര്‍വ്വത്രികമായി ഉപയോഗിക്കുന്ന ഒന്നാണ്.യുദ്ധ ഭയങ്ങളില്‍ നിന്നുള്ള വിടുതല്‍,യുദ്ധത്തില്‍ ഉണ്ടാകുന്ന വിജയം ,രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും ,മറ്റു ഭയങ്ങളില്‍ നിന്നും ഉണ്ടാകുന്ന വിടുതലിനെ ‘രക്ഷ ‘ എന്നു മനുഷ്യന് സാധാരണയായി പറഞ്ഞു വരുന്നു.മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നെല്ലാം മനുഷ്യനെ വിടുവിപ്പാന്‍ കെല്പ്പുള്ളവന് ആണ് ‘രക്ഷകന് ‘.ദൈവം യിസ്രയേലിനു രക്ഷകന്മാരെ കൊടുത്തു .അവര്‍ അവരുടെ ശത്രുക്കളില്‍ നിന്നും അവരെ രക്ഷിച്ചു (നെഹ :9:27).ദൈവം തന്റെ ജനത്തെ വിടുവിക്കുവാന്‍ രക്ഷകന്മാരെ കൊടുത്തു എങ്കിലും ആത്യന്തികമായി രക്ഷ യഹോവയില്‍ നിന്നാണ് വരുന്നത് എന്നു നാം കാണുന്നു .
വേദപുസ്തകം നാം കുറേക്കൂടി ആഴത്തില്‍ അപഗ്രഥിക്കുമ്പോള്‍ രക്ഷ എന്ന വാക്കിനു വെറും വിപത്തുകളില്‍ നിന്നുള്ള വിടുതല്‍ എന്നതിനെക്കാള്‍ ഉപരി വലിയ ഒരു ശിക്ഷാവിധിയില്‍ നിന്നുള്ള വിടുതല്‍ എന്നതിന് പ്രാധാന്യം കല്പ്പിച്ചിരിക്കുന്നതായി കാണുവാന്‍ സാധിക്കും.എപ്രകാരം ആണ് മനുഷ്യന് ശിക്ഷാര്‍ഹനായി തീര്‍ന്നത് ?.” ഒരു വ്യത്യാസവുമില്ല എല്ലാവരും പാപം ചെയ്തു ദൈവതേജസ്സില്ലാത്തവരായി തീര്‍ന്നു”(റോമ 3:23) .” അതുകൊണ്ട് ഏക മനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു (റോമ 5:12).
ആദിമനുഷ്യനെ ദൈവം സൃഷ്ടിച്ചത് തന്റെ സ്വന്തം സ്വരൂപത്തിലും സാദൃശൃത്തിലും ആയിരുന്നു.ദൈവം അവനെ ആതിമ ഭൌമ പറുദീസയിലാക്കുമ്പോള്‍ ലംഘിക്കുവാന്‍ പാടില്ലാത്ത ഒരു കല്‍പ്പനയും കൊടുത്തിരുന്നു .”തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷ ഫലം തിന്നുവാന്‍ പാടില്ല;തിന്നുന്ന നാളില്‍ നീ മരിക്കും” .എന്നാല്‍ സാത്താന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ പെട്ട് തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷഫലം തിന്നു അവന് പാപിയായിത്തീര്‍ന്നു.പാപം എന്നുള്ളത് ദൈവ കല്പ്പനയുടെ ഉല്ലംഘനമാണ്.ദൈവ കല്‍പ്പന ലംഘിച്ച മനുഷ്യന് പാപിയായിതീര്ന്നു എന്നുമാത്രമല്ല അതിന്റെ പരിണിത ഫലമായ ശാരീരിക മരണത്തിനും ,നിത്യമായ മരണത്തിനും വിധേയമായിത്തീര്‍ന്നു .നിത്യമായ മരണം ദൈവത്തില്‍ നിന്നും എന്നന്നേക്കുമായി വേര്‍പെട്ടു ഇനിയും ഒരിക്കലും ദൈവവുമായി ബന്ധപ്പെടുവാന്‍ കഴിയാത്ത നിത്യമായ ദണ്ഡനത്തിലേക്ക് (നരകം ) മാറ്റപ്പെടുന്നതാണ്.
ഇവിടെയാണ് മനുഷ്യന് ഒരു രക്ഷയും ,രക്ഷകനും ആവശ്യമായി വരുന്നത്.വേദപുസ്ത്തകത്തില് പ്രത്യേകിച്ച് പുതിയ നിയമത്തില്‍ ‘രക്ഷിക്കുക ‘ ,’രക്ഷിതാവ് ‘ എന്നീ പദങ്ങള്‍ ദൈവത്തോടും കര്‍ത്താവായ യേശുക്രിസ്തുവിനോടും മനുഷ്യന്റെ ആത്മരക്ഷയെക്കുറിച്ചാണ് പ്രയോഗിച്ചിരിക്കുന്നത് .ദൈവത്തിനു വിരോധമായ പാപം ചെയ്ത മനുഷ്യന് ദൈവ സന്നിധിയില്‍ കുറ്റക്കാരനും ശിക്ഷായോഗ്യനും ആണ് (ഏബ്ര 9:27).ദൈവം നീതിമാനായതുകൊണ്ട് പാപിയായ മനുഷ്യനെ ശിക്ഷിക്കാതെ വിടുക തരമില്ല.വരുവാനുള്ള നിത്യമായ ന്യായവിധിയില്‍ നിന്ന് മനുഷ്യനെ വിടുവിക്കുവാന്‍ ദൈവം ഒരുക്കിയ ഏക രക്ഷാമാര്‍ഗ്ഗം ആണ് കര്‍ത്താവായ യേശുക്രിസ്തു .പാപിയായ മനുഷ്യവര്‍ഗ്ഗത്തിന് വേണ്ടി പാപമില്ലാത്ത അവന് (കര്‍ത്താവായ യേശുക്രിസ്തു ) കാല്‍വരി ക്രൂശില്‍ മരിച്ചു.പാപത്തിനുള്ള സകലശിക്ഷയും ക്രിസ്തു തന്റെ ശരീരത്തില്‍ ഏറ്റു.തന്റെ മരണം മാനവരാശിക്കുവേണ്ടിയുള്ള പ്രായശ്ചിത്ത മരണം ആണ് (യെശ 53:6 ,1 പത്രോ 2:24). മൂന്നാം ദിവസം ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു ഇന്ന് സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നതിനാല്‍ നമ്മുടെ നീതീകരണത്തിനുള്ള സാധ്യതയും ഉറപ്പായി .നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം മരണത്തിനു എല്പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിച്ചുമിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുവിനെ…. (റോമ 4:24)
ദൈവം ഒരുക്കിയ ഈ വലിയ രക്ഷ സ്വായത്തമാക്കുവാന്‍ ദൈവം വെച്ചിരിക്കുന്ന ഏറ്റവും ലളിതമായ മാര്‍ഗ്ഗം ആണ് ‘ വിശ്വാസം ‘ എന്നത് (എഫേ 2:8).നമ്മുടെ യാതൊരു പ്രവൃത്തിയും ആവശ്യമില്ല .കാരണം സകലവും നിവൃത്തിയായി എന്നു പറഞ്ഞാണ് കര്‍ത്താവു പ്രാണനെ വിട്ടത് .ഏതൊരു പാപിയും ദൈവസന്നിധിയിലേക്ക് കടന്നു വന്ന് തന്റെ പാപത്തിനു വേണ്ടിയാണു ക്രിസ്തു മരിച്ചത് എന്നു ഏറ്റുപറയുകയും അവനെ കര്‍ത്താവും രക്ഷിതാവുമായി ജീവിതത്തില്‍ സ്വീകരിക്കയും അംഗീകരിക്കയും ചെയ്താല്‍ ദൈവം ഒരുക്കിയ ഈ വലിയ രക്ഷ അവനു കരസ്ഥമാക്കുവാന്‍ കഴിയും .അവനെ കൈക്കൊണ്ടു അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കളായി തീരുവാന്‍ അവന് അധികാരം കൊടുത്തു (യോഹ 3:16).ഇതില്‍ ജാതി ,മത, വര്‍ഗ്ഗ -വര്‍ണ്ണ വ്യത്യാസമില്ല.ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയില്‍ ലഭിക്കുന്ന ഒട്ടനവധി ആത്മീക അനുഗ്രഹങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ‘നിത്യജീവന് ‘.ഈ നിത്യജീവനാണ് നിത്യനായ ദൈവത്തോടുകൂടി നിത്യകാലം പുലരുവാന്‍ അവനെ പ്രാപ്ത്തനാക്കുന്നത് .ഇനിയും ഒരു പാപി ശിക്ഷിക്കപ്പെടുവാന്‍ പോകുന്നത് അവന് പാപിയായി പിറന്നതുകൊണ്ടല്ല, മറിച്ച് ദൈവം ഒരുക്കിയ ഈ വലിയ രക്ഷാ പദ്ധതി അവന് നിരാകരിച്ചു മുന്‍പോട്ടു പോയതുകൊണ്ടാണ് .അതുകൊണ്ട് ,ഇപ്പോഴാണ് രക്ഷാദിവസം;ഇപ്പോഴാണ് സുപ്രസാദകാലം ;ദൈവം തന്റെ വിലയേറിയ പുത്രനിലൂടെ ഒരുക്കിയ ഈ വലിയ രക്ഷാ പദ്ധതിയുടെ പരിധിക്ക് പുറത്താണ് താങ്കള്‍ എങ്കില്‍ ഇന്നു തന്നെ അവനെ രക്ഷിതാവും കര്‍ത്താവും ആയി സ്വീകരിക്കുക.
ക്രിസ്തീയ ജീവിതത്തിന്റെ സൗഭാഗ്യം ഭാവിപ്രത്യാശയുമായി ബന്ധപ്പെട്ടിരിക്കുന്നു.”നമ്മുടെ പൌരത്വമോ സ്വര്‍ഗ്ഗത്തില്‍ ആകുന്നു;അവിടെനിന്നു കര്‍ത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.അവന് സകലവും തനിക്കു കീഴ്പ്പെടുത്തുവാന്‍ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ച്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും “.യേശുക്രിസ്തുവിന്റെ ഒന്നാം വരവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതിന്റെ എട്ടു മടങ്ങാണ് രണ്ടാം വരവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്.ക്രിസ്തുവിന്റെ രണ്ടാംവരവ് സമീപഭാവിയില്‍ തന്നെ ആക്ഷരികമായി സംഭവിക്കും എന്നുള്ളത് വിശുദ്ധ വേദപുസ്തകവും ലോകസംഭവങ്ങളും ചേര്‍ത്തു വെച്ചു പഠിക്കുമ്പോള്‍ നമുക്കു മനസ്സിലാക്കാം.
എന്തിനാണ് ക്രിസ്തു മടങ്ങിവരുന്നത്?. ക്രിസ്തുവില്‍ കൂടി പാപമോചനം പ്രാപിച്ച ഒരു ദൈവപൈതലിനെ ഇന്ന് പാപത്തിന്റെ ശിക്ഷയില്‍ നിന്നും അവന് രക്ഷിച്ചുകൊണ്ടിരിക്കുന്നു.എന്നാല്‍ പാപത്തിന്റെ സാന്നിധ്യത്തില്‍ നിന്നും അവനെ വിടുവിച്ചു എന്നെന്നേക്കുമായി തന്റെ അടുക്കലേക്കു ചേര്‍ക്കുവാന്‍ ക്രിസ്തു മടങ്ങി വരും.ഈ താഴ്ചയുള്ള ജഡശരീരം തേജസ്കരിക്കപ്പെട്ടു മഹത്വമാര്‍ന്ന ആത്മീക ശരീരമായി മാറുമ്പോള്‍ നമ്മുടെ രക്ഷയുടെ പൂര്‍ണ്ണത കൈവരും.നാം എന്നെന്നേക്കും അവനോടുകൂടെ ആയിരിക്കും.അല്ലാത്തവരെ ന്യായം വിധിച്ചു നിത്യമായ നരകത്തിലേക്ക് തള്ളിക്കളയും.അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.