മാനവരാശിയുടെ മുമ്പാകെ ഇന്ന് പ്രാചീനവും അറുവാചീനവുമായ പതിനായിരക്കണക്കിനു ഗ്രന്ഥങ്ങളുണ്ട്.കഥകളും,നോവലുകളും,കവിതകളും,വൈജ്ഞാനീയ ഗ്രന്ഥങ്ങളും ശാസ്ത്ര സാങ്കേതിക രചനകളും,മതദാര്‍ശനിക കൃതികളും ആക്കൂട്ടതിലുണ്ട്.ഒട്ടനവധി സവിശേഷതകളാല്‍ അതില്‍ നിന്നെല്ലാം വ്യതിരിക്തമായ ഗ്രന്ഥമത്രെ ബൈബിള്‍!!!
1.ബൈബിളിന്‍റെ ഐക്യത
ഏകദേശം ബി.സി 1500 മുതല്‍ എ.ഡി 100 വരെയുള്ള കാലഘട്ടങ്ങളില്‍ ലോകത്തിലെ മൂന്നു ഭൂഖണ്ഡങ്ങളിലെ പന്ത്രണ്ട് രാജ്യങ്ങളിലിരുന്നു പരസ്പര ആശയവിനിമയങ്ങളില്ലാതെ നാല്‍പ്പതോളം എഴുത്തുകാരാല്‍ വിരചിതമായ അറുപത്തിയാറു പുസ്തകങ്ങളുടെ സമാഹാരമാണ് ബൈബിള്‍. അവസാന എഴുത്തുകാരന്‍ ജനിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ ആദ്യത്തെ എഴുത്തുകാരന്‍ മരിച്ചിരുന്നു.വിഭിന്നങ്ങളായ സ്ഥലങ്ങളിലിരുന്നു വ്യത്യസ്തങ്ങളായ എഴുത്തുകാരാല്‍ എഴുതപ്പെട്ടു എങ്കിലും ബൈബിളിന്‍റെ അത്ഭുതാവഹമായ ഐക്യരൂപം ആരെയും അതിശയിപ്പിക്കുന്നതാണ്.അത്രമാത്രം ബൈബിള്‍ വാക്യങ്ങള്‍ അന്യോന്യം ഇണയ്ക്കപ്പെട്ടിരിക്കുന്നു.വിശുദ്ധ ഗ്രന്ഥകാരന്മാരില്‍ പരിവര്‍ത്തിച്ചത് ദൈവത്തിന്‍റെ പരിശുദ്ധാത്മാവും അവര്‍ രേഖപ്പെടുത്തിയത് ദൈവവചനവും ആണ് എന്നുള്ളതാണ് ഈ ഐക്യത വെളിപ്പെടുത്തുന്നത്.
2.ബൈബിളിന്‍റെ ദൈവശ്വാസീയത (inspiration..)
“എല്ലാ തിരുവെഴുത്തുകളും ദൈവശ്വാസീയമാകയാല്‍….” 2.തിമോ.3:16,17(god breathed).തങ്ങളുടെ എഴുത്തുകള്‍ക്ക് ദൈവീക വിശ്വാസയോഗ്യത ലഭിക്കത്തക്കവണ്ണം വിശുദ്ധ ഗ്രന്ഥകാരന്മാരുടെ മേല്‍ ദൈവാത്മാവ് പ്രയോഗിച്ച അമാനുഷീകമായ പ്രേരണാശക്തിയാണ് ദൈവശ്വാസീയത.നാം വിശ്വസിക്കുന്ന,അംഗീകരിക്കുന്ന അറുപത്തിയാറു ഗ്രന്ഥങ്ങളുടെ സമാഹാരമായ ബൈബിള്‍ തുടക്കം മുതല്‍ ഒടുക്കം വരെ ദൈവീക അരുളപ്പാടുകള്‍ അനുക്രമമായി തുടരുന്നു.”ദൈവം അരുളിച്ചെയുന്നു”..”യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” ഇത്യാദി പ്രയോഗങ്ങള്‍ മോശയുടെ പഞ്ചഗ്രന്ഥങ്ങളില്‍ എഴുനൂറു പ്രാവശ്യവും തിരുവെഴുത്തില്‍ ആകെ മൂവായിരം പ്രാവശ്യവും കാണാം.മനസ്സാകുന്ന ഖനിഗര്‍ഭത്തില്‍ നിന്നും മനനം ചെയ്തെടുത്തതല്ല തിരുവെഴുത്തുകള്‍;മറിച്ചു ദൈവമാണ് അരുളിചെയ്തത്.അതിനാല്‍ വചനത്തിനു ആധികാരികതയുണ്ട്-അത് അംഗീകരിക്കുകയാണ് യാതൊരുവന്‍റെയും കര്‍ത്തവ്യം (2 പത്രോസ്.1:20,21)
3.ഉടമ്പടി എന്ന നിലയില്‍
സീമകളില്ലാത്ത സ്നേഹത്തിന്‍റെ,സമുന്നതഭാവമായ സൃഷ്ടാവായ ദൈവം തന്‍റെ സൃഷ്ടികളായ മനുഷ്യവര്‍ഗ്ഗവുമായി ചെയ്ത രണ്ടു ഉടമ്പടികളുടെ ഉടയാത്ത രേഖയാണ് ബൈബിള്‍(പഴയനിയമം,പുതിയനിയമം).പ്രപഞ്ചകാരണനും ആത്യന്തിക സത്തയുമായ മഹാദൈവം മനുഷ്യവര്‍ഗ്ഗവുമായി ബന്ധം പുലര്‍ത്തുന്ന മഹത്തായ ഗ്രന്ഥം എന്ന നിലയില്‍ ബൈബിള്‍,വിശ്വമുഖത്തു ഏറ്റവും നിസ്തുല്യ ഗ്രന്ഥമായി പരിലസിക്കുന്നു.
4.ദൈവം തന്നെക്കുറിച്ച് നല്‍കിയിരിക്കുന്ന വെളിപ്പാട്
പ്രപഞ്ചസൃഷ്ടിയിലൂടെ ദൈവം തന്‍റെ അസ്തിത്വം വെളിപ്പെടുത്തി .ആദ്യന്തവിഹീനനും സര്‍വ്വകാരണഭൂതനും ആയ ദൈവത്തിന്‍റെ അരുളപ്പാടുകളുടെ ക്രോഡീകരണമാണ് ബൈബിള്‍. അരുളിച്ചെയ്ത വചനത്തിലൂടെ ദൈവം തന്നെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു.ഇങ്ങനെ ദൈവത്തെ സംബന്ധിച്ച് അനുക്രമവും സുവ്യക്തവുമായ വെളിപ്പാടിന്‍റെ വിളംബരം മറ്റുയാതൊരു മതഗ്രന്ഥങ്ങളിലും കാണുവാന്‍ കഴിയുന്നില്ല.ദൈവം തന്നെക്കുറിച്ചും തന്‍റെ ഹൃദയത്തെകുറിച്ചും ലോകത്തിനു വെളിപ്പാട് നല്‍കിയിട്ടുണ്ട് എന്നതിന്‍റെ അനിഷേധ്യമായ തെളിവാണ് ബൈബിള്‍.
ചരിത്രത്തിന്‍റെ പിന്‍ബലം
ഗതകാലചരിത്രത്തിന്‍റെ സമൃദ്ധമായ ഖനിഗര്‍ഭം കൂടിയാണ് ബൈബിള്‍. പ്രപഞ്ചോല്പത്തി,മാനവോല്പത്തി ,വിവിധ ജനപഥങ്ങളുടെ ഉല്പത്തി,വിവിധ ഭാഷകളുടെ ഉല്പത്തി,സംസ്കാരങ്ങളുടെ ഉല്പത്തി മാത്രമല്ല നാടുകളെക്കുറിച്ചും, നഗരങ്ങളെക്കുറിച്ചും രാഷ്ട്രങ്ങളെക്കുറിച്ചുമുള്ള തെറ്റിക്കൂടാത്ത പരാമര്‍ശങ്ങളും സൂചനകളും ബൈബിളില്‍ ധാരാളം കാണുവാന്‍ കഴിയും.ഇത്തരം ചരിത്രത്തിന്‍റെ സൂക്ഷ്മമായ പരാമര്‍ശനങ്ങള്‍ ബൈബിളിന്‍റെ ആന്തരീകമായ തെളിവുകളെ ഏറ്റവും ഔന്നിത്യത്തില്‍ എത്തിക്കയത്രേ ചെയ്യുന്നത്.
ബൈബിള്‍ പ്രവചനങ്ങള്‍
ഭാവിയെ മുന്‍കൂട്ടി പറയുന്നതാണ് പ്രവചനം.അത് യഥാര്‍ഥമായി പരിഗണിക്കണമെങ്കില്‍ മുമ്പുകൂട്ടി പറഞ്ഞതൊക്കെയും അതുപോലെ സംഭവിക്കണം.ഒരു കൈയ്യില്‍ ബൈബിളും മറു കൈയ്യില്‍ ലോക ചരിത്രവും വെച്ചു പഠിക്കുന്ന ഏതൊരു പഠിതാവിനും നിരവേറപ്പെട്ട ഒട്ടനവധി പ്രവചനങ്ങളുടെ രേഖപ്പെടുത്തല്‍ ബൈബിളില്‍ കാണുവാന്‍കഴിയും.നാടുകള്‍,നഗരങ്ങള്‍,ജനവിഭാഗങ്ങള്‍,വ്യക്തിള്‍,എല്ലാറ്റിനും ഉപരി ലോക രക്ഷിതാവായിരിക്കുന്ന യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ മുമ്പുകൂട്ടി പറഞ്ഞതൊക്കെ ചരിത്രത്തില്‍ നിറവേറി.ഇനിയും നിറവേറാന്‍ കാത്തു കിടക്കുന്ന ഒട്ടനവധി പ്രവചങ്ങള്‍ ബൈബിളിള്‍ ഉണ്ട്.അത് ചരിത്രത്തില്‍ നിറവേറുക തന്നെ ചെയ്യും.
ശാസ്ത്രത്തിന്‍റെ പിന്‍ബലം
ശാസ്ത്രീയമായി വിലയിരുത്തിയാല്‍ ബൈബിള്‍ പ്രമാദങ്ങളില്ലാത്ത ഒരു നിസ്തുല്യ ഗ്രന്ഥമായി നിലനില്‍ക്കുന്നു.
പരസ്പരാകര്‍ഷണത്താലാണ് ഭൂമിയും ഇതരഗോളങ്ങളും സ്ഥിതിചെയ്യുന്നത് എന്ന് ശാസ്ത്രം തെളിയിക്കുന്നതിനും എത്രയോ നൂറ്റാണ്ടു മുന്‍പു ബൈബിള്‍ അത് വെളിപ്പെടുത്തിയിരിക്കുന്നു.”അവന്‍ നാസ്തിത്വത്തിന്മേല്‍ ഭൂമിയെ തൂക്കുന്നു എന്നും”(ഇയ്യോ:26:7),അവന്‍ തന്‍റെ ശക്തിയുള്ള വചനത്താല്‍ സകലത്തെയും വഹിക്കുന്നു എന്നും(എബ്രാ:1:3),ഭൂമിയുടെ ആകൃതി സംബന്ധിച്ച് ഭൂമി ഉരുണ്ടതാണെന്നും-അതു മണലാകൃതി പൂണ്ടാതാണെന്നും ശാസ്ത്രം വികാസം പ്രാപിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പു ബൈബിള്‍ രേഖപ്പെടുത്തി.(ഇയ്യോ:22:14;സഃവാ:8:27;യെശ:40:22)
ബൈബിള്‍ വിളംബരം ചെയ്യുന്ന രക്ഷ
ശാസ്ത്രവും,ചരിത്രവും,സാഹിത്യവും ഇതെല്ലം അടങ്ങുന്ന നാനാശാഖിയാണ് ബൈബിള്‍ എങ്കിലും,ഇതിലെ ഏറ്റവും കാതലായ വിഷയം “രക്ഷ” എന്നുള്ളതാണ്.മാത്രമല്ല അസത്യത്തിലാണ്ട് അത്യഗാധമായ നരകഗര്‍ത്തത്തിലേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുന്ന മാനവരാശിയ്ക്ക് സത്യവും ജീവനും വെളിച്ചവും പകര്‍ന്നു കൊടുക്കുന്ന ഒരു രക്ഷകനെ വേദപുസ്തകം വെളിപ്പെടുത്തുന്നു.ബൈബിള്‍ വിളംബരം ചെയ്യുന്ന രക്ഷ പൊതുവും അത് സാര്‍വ്വത്രീകവുമായത് കൊണ്ടാണ് സമസ്ത മണ്ഡലങ്ങളിലും ഉള്ള മനുഷ്യനെ അത് ഒരുപോലെ സ്വാധീനിക്കുന്നത്.യുദ്ധങ്ങളും അരുംകൊലകളും,സംഘര്‍ഷങ്ങളും,സംഘട്ടനങ്ങളും കൊണ്ട് വീര്‍പ്പുമുട്ടികഴിയുന്ന മാനവരാശിക്ക് പാപമോചനവും സമാധാനവും,സന്തോഷവും,ഒരു നവലോകത്തിനു ആവശ്യമായ പ്രത്യാശയും,വിളംബരം ചെയ്തുകൊണ്ട് ബൈബിള്‍വിശ്വമുഖത്ത് ഒരു അതുല്യഗ്രന്ഥമായി പരിലസിക്കുന്നു.ഇത് വായിക്കുകയും,വയിച്ചുകേള്‍പ്പിക്കുകയും ഇതിലുള്ളത് പ്രമാണിക്കുകയും ചെയ്യുന്നത് തീര്‍ച്ചയ്യായും മഹാഭാഗ്യമാണ്.