ആരാണ് യേശുക്രിസ്തു ?

ഇരുപതു നൂറ്റാണ്ടില്‍ അധികമായി ലോകത്തിന്‍റെ നാനാകോണുകളില്‍ നിന്ന് മനുഷ്യന്‍ ഉയര്‍ത്തിയിട്ടുള്ള ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണ് ആരാണ് യേശുക്രിസ്തു? ക്രിസ്തു ഒരു മതസ്ഥാപകനാണ്,വിപ്ലവകാരിയാണ്‌,സാമുഹ്യപരിഷ്‌കര്‍ത്താവാണ്,
സാന്മാര്‍ഗ്ഗികപുരുഷനാണ്,ചരിത്രപുരുഷനാണ്, ഇങ്ങനെയൊക്കെ പലരും പറഞ്ഞു വെയ്ക്കുകയും ചരിത്രത്തില്‍ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ ക്രിസ്തുവിനെ സംബന്ധിച്ചു ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു വെളിപ്പെടുത്തല്‍ അവിടുത്തെ അരുമശിഷ്യനായ പത്രോസ് നടത്തിയിട്ടുണ്ട്.ക്രിസ്തു ഫിലിപ്പിന്‍റെ,കൈസര്യയുടെ പ്രദേശത്ത് എത്തിയശേഷം തന്‍റെ ശിഷ്യന്മാരോട് ജനങ്ങള്‍ മനുഷ്യപുത്രനെ ആര്‍ എന്നു പറയുന്നു എന്ന് ചോദിച്ചു.ചിലര്‍ യോഹന്നാന്‍ സ്നാപകന്‍ എന്നും,മറ്റുചിലര്‍ ഏലിയാവ് എന്നും,വേറെ ചിലര്‍ യിരമ്യാവോ പ്രവാചകന്മാരില്‍ ഒരുത്തനോ എന്നും പറയുന്നു എന്നും അവര്‍ പറഞ്ഞു.നിങ്ങളോ എന്നെ ആര്‍ എന്നു പറയുന്നു എന്നു ചോദിച്ചതിനു ശീമോന്‍ പത്രോസ്; നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു. മുകളില്‍ പറഞ്ഞതൊക്കെയാണ് ക്രിസ്തു എങ്കിലും ഏതൊരുവനും മനസ്സിലാക്കേണ്ടതും അംഗീകരിക്കേണ്ടതുമായ വസ്തുതയത്രേ ഈ വെളിപ്പെടുത്തല്‍.

1. യേശുക്രിസ്തുവിന്‍റെ പൂര്‍വ്വാസ്തിക്യം

യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെ സംബന്ധിച്ചു ബൈബിള്‍ വെളിപ്പെടുത്തുന്ന വളരെ പ്രധാനപ്പെട്ട ഒരു ചിന്തയത്രേ അവന്‍റെ പൂര്‍വ്വാസ്തിക്യം.ആദിയില്‍ വചനം ഉണ്ടായിരുന്നു;വചനനം ദൈവത്തോടുകൂടെ ആയിരുന്നു;വചനം ദൈവം ആയിരുന്നു.(യോഹ 1:1,2)
ആദിയില്‍ എന്ന വാക്ക് ഗ്രീക്ക്‌ ഭാഷയില്‍ (en arche) ഒരു ആരംഭത്തെ കുറിക്കുന്നതല്ല.മനുഷ്യ മനസ്സിനു ചെന്നെത്തുവാന്‍ കഴിയാത്ത അനാദിയായ അവസ്ഥയെ കുറിച്ചാണ് കാണിക്കുന്നത്.യേശുക്രിസ്തു താന്‍ തന്നെ അരുളിചെയ്തത്;”ഞാന്‍ എന്‍റെ ഇഷ്ട്ടമല്ല എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ചെയ്യുവാന്‍ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി വന്നിരിക്കുന്നത്(യോഹ 6:38,യോഹ 17:5-24).ക്രിസ്തുവിന്‍റെ ദൈവത്വത്തെയും അവന്‍റെ നിത്യമായ അവസ്ഥയെയും വെളിപ്പെടുത്തുന്ന അനവധി വിശുദ്ധലിഖിതങ്ങള്‍ നമുക്ക് ബൈബിളില്‍ കാണുവാന്‍ കഴിയും.

2. യേശുക്രിസ്തുവിന്‍റെ ദൈവത്വം

ദൈവത്തെ സംബന്ധിച്ച് വികലവും,വികൃതവുമായ സങ്കല്പങ്ങളില്‍പെട്ടു മാനവരാശി അപഥ സഞ്ചാരം ചെയ്തപ്പോള്‍ ലോകചരിത്രത്തിന്‍റെ മധ്യത്തില്‍ യേശുക്രിസ്തുവിനെ നിര്‍ത്തി ബൈബിള്‍ ചൂണ്ടികാണിക്കുന്നത് “ഇവനിലാണ് ദൈവത്തിന്‍റെ സകലസമ്പൂര്‍ണതയും ദേഹരൂപമായി വസിക്കുന്നത്” .അവന്‍ ആദിയില്‍ ഉണ്ടായിരുന്നു. ക്രിസ്തുവിനു ഒരു ആരംഭം ഇല്ല.ഞാനും പിതാവും ഒന്നാകുന്നു(യോഹ 10:30).
താഴെക്കാണുന്ന പ്രസ്താവനകള്‍ അവന്‍റെ ദൈവത്വത്തിന്‍റെ തെളിവാണ് :-

  • ദൈവത്തിനു മാത്രമേ ആരാധന സ്വീകരിക്കുവാന്‍ കഴിയുകയുള്ളു (മത്തായി 4:10)
  • താന്‍ ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ ആരാധന സ്വീകരിച്ചു (മത്തായി 14:33, ലൂക്കോസ് 14:52)
  • താന്‍ സകലത്തിന്‍റെയും സൃഷ്ടാവാണ്.”സകലവും അവന്‍ മുഖാന്തരം ഉളവായി;ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല”.(യോഹ 1:3)
  • അവന്‍ സകലത്തെയും പരിപാലിക്കുന്നു(എബ്രാ 1:3)
  • പാപങ്ങളെ മോചിക്കുന്നവന്‍ (മാര്‍ക്കോസ് 2:5,ലുക്കൊസ് 7:48-50)
  • നിത്യജീവന്‍ പ്രദാനം ചെയ്യുന്നവന്‍.(യോഹ 17:2)
  • ജീവിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിക്കുന്നവന്‍ (2 തിമോ 4:1, അപ്പൊ.പ്ര 17:31)

3. ജനനത്തില്‍ നിസ്തുല്യന്‍
യേശുക്രിസ്തു എങ്ങനെ ജനിക്കും-എവിടെ ജനിക്കും-ആരില്‍ നിന്നു ജനിക്കും – എന്തിനു ജനിക്കും, ഇവയെ സംബന്ധിച്ച് ഒരു മാലയില്‍ കോര്‍ത്തിണക്കിയ മുത്തുകള്‍ പോലെ ബൈബിളില്‍ ഉല്പത്തി മുതല്‍ പ്രവചനങ്ങളുടെ ഒരു വലിയ ശൃംഖല കാണുവാന്‍ കഴിയും.നൂറ്റാണ്ടു കാലങ്ങളിലെ പ്രവചനവാക്യങ്ങളെ പൂര്‍ത്തീകരിച്ചു കൊണ്ട് റോമന്‍ ചക്രവര്‍ത്തി ആയിരുന്ന ഔഗുസ്തൊസ് കൈസറുടെ കാലത്ത് കുറന്യാസു സുറിയ നാടുവാഴുമ്പോള്‍ ബി.സി 6 ല്‍ മീഖാ പ്രവാചകന്‍ പറഞ്ഞിരുന്ന സ്ഥലമായ ബേത്ലഹേം എന്ന ദാവീദിന്‍റെ പട്ടണത്തില്‍ ദാവീദ് വംശത്തിലെ കന്യകയായ മറിയയുടെ ഉദരത്തില്‍ക്കൂടി പുരുഷ സംസര്‍ഗ്ഗം കൂടാതെ ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനാല്‍ യേശുക്രിസ്തു ജനിച്ചു.അതേ..അവന്‍റെ ജനനം നിസ്തുല്യമായിരുന്നു.

4. ജീവിതത്തില്‍ നിസ്തുല്യന്‍
യേശുക്രിസ്തുവിന്‍റെ ജീവിതത്തിന് പ്രധാനമായും രണ്ടു ഘട്ടങ്ങളാണ് ഉള്ളത് .ഒന്ന്, 30 വയസ്സ്‌ വരെയുള്ള തന്‍റെ രഹസ്യജീവിതം.രണ്ടാമത്തെ ഘട്ടം,30 വയസ്സുമുതല്‍ വെറും 3 വര്‍ഷം മാത്രം നീണ്ടുനിന്ന പൊതുജീവിതം.വെറും മൂന്നു വര്‍ഷം മാത്രം നീണ്ടുനിന്ന പൊതുജീവിതമാണ്‌ ലോകത്തിന്‍റെ ദിശയെതന്നെ മാറ്റിമറിച്ചത്. നിസ്തുല്യമായ അവന്‍റെ ജീവിതാവസ്ഥയെ വെളിപ്പെടുത്തുന്ന മൂന്നു വിഖ്യാതീതമായ പ്രഖ്യാപനങ്ങള്‍ അവനെ അടുത്ത് പരിചയിച്ച അനുയായികള്‍ നടത്തിയിട്ടുണ്ട്.

  • “അവന്‍ പാപം ചെയ്തിട്ടില്ല ” (1 പത്രോ. 2:22)
  • “അവന്‍ പാപം അറിഞ്ഞിട്ടില്ല ” (2 കൊരി 5:21)
  • “അവനില്‍ പാപം ഇല്ല ” (1 യോഹ 3:6)

5. ഉപദേശത്തില്‍ നിസ്തുല്യന്‍
ഹൃദയത്തെ തരളിതമാക്കുന്ന ലഘുപ്രഭാഷണങ്ങളും ഉള്ളില്‍ തട്ടിയുണര്‍ത്തുന്ന ഉപമകളും കൊണ്ട് ലോകത്തെ ഉള്‍ പുളകം കൊള്ളിച്ച സമുന്നതനായ ഗുരുവാണ് അവിടുന്ന്. അവിടുത്തെ ഉപദേശത്തില്‍ ലോകം വിസ്മയം കൊണ്ടു.”ഈ മനുഷ്യന്‍ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല” ലൂക്കോസ് 4:32, യോഹ. 7:46. ക്രിസ്തുവിന്‍റെ ഗിരിപ്രഭാഷണം ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉത്തുംഗമമായ ധാര്‍മ്മിക പ്രഖ്യാപനങ്ങളാണ്.വറ്റി വരണ്ട മാനവഹൃദയങ്ങളിലേക്ക് ഉയരങ്ങളില്‍ നിന്ന് ഒഴുകിവന്ന നീരൊഴുക്കായിരുന്നു അവിടുത്തെ ഉപദേശങ്ങള്‍.

6. പ്രവൃത്തികളില്‍ നിസ്തുല്യന്‍
യേശുക്രിസ്തു തന്‍റെ ഐഹിക ജീവിതകാലത്ത് അനവധി അത്ഭുത പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്.പണത്തിനോ,പ്രശസ്തിക്കോ വേണ്ടിയായിരുന്നില്ല താന്‍ അത് ചെയ്തത്. താന്‍ ദൈവമായതുകൊണ്ടും ആവശ്യത്തിന്‍റെ മുഖത്തും ആണ് താന്‍ അത് ചെയ്തത്.കാനായിലെ കല്യാണ വീട്ടില്‍ വെച്ച് പഞ്ചഭൂതങ്ങളില്‍ ഒന്നായ പച്ചവെള്ളത്തെ വാക്കുകളും പ്രവൃത്തിയും കൂടാതെ തന്‍റെ ഇച്ഛാശക്തിയാല്‍ മധുരതരമായ വീഞ്ഞാക്കിമാറ്റികൊണ്ട് അത്ഭുതങ്ങല്‍ക്കും അടയാളങ്ങള്‍ക്കും താന്‍ ആരംഭം കുറിച്ചു.കാറ്റിനെയും കടലിനെയും ശാസിച്ചു അതിനെ പ്രശാന്തമാക്കി.മരിച്ചു നാലുനാള്‍ കഴിഞ്ഞ ലാസറിനെ മരണത്തില്‍ നിന്നും ജീവനിലേക്ക് മടക്കി വരുത്തി.മുടന്തരെ നടക്കുമാറാക്കി,കുരുടര്‍ക്ക് കാഴ്ച കൊടുത്തു.കുഷ്ടരോഗികളെ സൗഖ്യമാക്കി.താന്‍ ചെയ്ത അനവധിയായ അത്ഭുതങ്ങള്‍ സുവിശേഷങ്ങളില്‍ രേഖയാക്കിവെച്ചിരിക്കുന്നു.

7. മരണത്തില്‍ നിസ്തുല്യന്‍
ലോകചരിത്രത്തില്‍ ഏറ്റവും അധികം പ്രസ്താവിക്കപ്പെടുന്ന യേശുക്രിസ്തുവിന്‍റെ മരണം ഒരു യാദൃശ്ചിക സംഭവം ആയിരുന്നില്ല.ദൈവം മാനവരാശിക്കു നല്‍കിയ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണവും മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപവിമോചനത്തിനും വേണ്ടിയായിരുന്നു.ക്രിസ്തുവിന്‍റെമരണം മാത്രമാണ് ലോകചരിത്രത്തില്‍ ‘യാഗം’ എന്നുള്ള പദം കൊണ്ട് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്.യാഗവസ്തുവിനെ കൊല്ലുക എന്നുള്ള പങ്ക് മനുഷ്യന്‍ തന്നെയാണ് നിര്‍വഹിക്കേണ്ടത്. യാഗപുരുഷനായ ക്രിസ്തുവിന്‍റെ മേല്‍ അപരാധികളായ മനുഷ്യവര്‍ഗ്ഗത്തിന്‍റെയെല്ലാം അപരാധം ചുമത്തി അവനെ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പകരക്കാരനാക്കി. അതുകൊണ്ട് അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് പാപമോചനം ഉണ്ട്.

8. പുനരുദ്ധാനത്തില്‍ നിസ്തുല്യന്‍
ലോകചരിത്രത്തില്‍ സ്വയം മരണത്തിനുവേണ്ടി ഏല്‍പ്പിച്ചു കൊടുക്കുകയും പിന്നീട്‌ മരിച്ചവരില്‍നിന്ന്‍ ഉയര്‍ത്തെഴുന്നേറ്റ്‌ ജീവിക്കുകയും ചെയ്യുന്നു എന്ന് ലോകവ്യാപകമായി പ്രസംഗിക്കപ്പെടുന്ന ഒരേയൊരു വ്യക്തി കര്‍ത്താവായ യേശു ആണ്. യേശു തന്‍റെ മരണത്തെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെ ഉയര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.( മത്താ: 16: 21 , മര്‍ക്കോ: 8:31 , ലൂക്കോ : 9 :22) മരണത്തിനുശേഷം മൂന്നാം മഹല്‍ദിനത്തില്‍ മരണത്തെയും പാതാളത്തെയും തോല്‍പ്പിച്ചു ആയിരം സൂര്യനെ വെല്ലുന്ന ശോഭയോടെ ഉയിര്‍ത്തെഴുന്നേറ്റു ഇന്നവന്‍ ഉയരങ്ങളില്‍ ജീവിക്കുന്നു

9. യേശുക്രിസ്തുവില്‍കൂടി പുതിയ ജീവിതം
യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും അവനെ കര്‍ത്താവും രക്ഷിതാവും ആയി അംഗീകരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് പാപമോചനവും നിത്യജീവനും ലഭിക്കുന്നു.അവനില്‍ നമുക്ക് അവന്‍റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനം എന്ന വീണ്ടെടുപ്പുണ്ട് (എഫെ 1:17), ദൈവപുത്രന്‍റെ നാമത്തില്‍ വിശ്വസിക്കുന നിങ്ങള്‍ക്ക് നിത്യജീവന്‍ ഉണ്ട് (1 യോഹ 5:13)

10. യേശുക്രിസ്തുവില്‍ പുതിയ പ്രത്യാശ
ഒരു ക്രിസ്തുവിശ്വാസിയുടെ ഏറ്റവും വലിയ പ്രതീക്ഷ അവന്‍ വീണ്ടും വരും എന്നുള്ളതാണ്.അവന്‍ വീണ്ടും വരുമ്പോള്‍ ക്രിസ്തുവില്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുനേറ്റും ജീവനോടിരിക്കുന്നവര്‍ രൂപാന്തരപ്പെട്ടും അദ്രവത്വത്തെയും അമര്‍ത്യതയെതെയും പ്രാപിച്ചു ക്രിസ്തുവിന് സദൃശ്യരായി ദൈവത്തോട് കൂടെ എന്നേക്കും വാഴും.ക്രിസ്തുമാര്‍ഗ്ഗത്തില്‍ മാത്രമാണ് ഈ മഹത്തായ പ്രത്യാശ ഉള്ളത്‌.