28 Jun

നമുക്ക്‌ കാലബോധം ഉള്ളവരായിത്തീരാം

            ഐ .ടി .യ്ക്ക് സമാനമാണ് ഇന്ത്യയില്‍ സ്ത്രീപീഡനങ്ങള്‍ !!!! രണ്ടും ഒരുപോലെ വളരുന്നു.മണിക്കൂറില്‍ 50-ല്‍ അധികം സ്ത്രീകള്‍ ആണ് നമ്മുടെ രാജ്യത്ത് വിവിധ നിലകളില്‍ മാനഭംഗം ചെയ്യ പ്പെടുന്നത് .നമ്മുടെ സാംസ്‌കാരികച്യുതിയുടെയും മൂല്യശോഷണത്തിന്‍റെയും തെരുവു കളിലേക്ക്‌ എത്രയോ സ്ത്രീകള്‍ വലിച്ചെറിയപ്പെടുന്നു .’use and throw’ എന്ന ഉദാരവല്‍ക്കരണത്തിന്‍റെയും ആഗോളവത്ക രണത്തിന്‍റെയും മുദ്രാവാക്യം സ്ത്രീത്വത്തിനുമേല്‍ വികാസം പ്രാപിക്കുന്നു .ഓരോ ക്രൂരമായ പീഡന കഥകളും പുറത്തുവരുമ്പോള്‍ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ ഇത് അവസാനത്തേത് ആകണമെന്ന് പ്രാര്‍ത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയുന്നു.എന്നാല്‍ അതിനേക്കാള്‍ ക്രൂരമായ പീഡനകഥകളാണ് പിന്നെയും പുറത്തു വന്നുകൊണ്ടിരിക്കുന്നത്.പുതിയ പുതിയ നിയമ നിര്‍മ്മാണങ്ങള്‍ക്കോ ,നിയമപലകന്മാരുടെ ജാഗ്രതയ്ക്കോ ഒന്നിനെയും നിയന്ത്രിക്കുവാന്‍ കഴിയുന്നില്ല.

                         നമ്മുടെ സമൂഹത്തിനു എന്തു സംഭവിച്ചു ? നാം എങ്ങോട്ടാണ് പോയ്കൊണ്ടിരിക്കുന്നത് ? ഇവിടെ മനുഷ്യജീവിതം അതിഭയാനകമായ ഭീതി ദര്‍ശനം ആയി മാറിക്കൊണ്ടിരിക്കു കയാണ്. അപകടകരമാംവിധം വ്യക്തിവല്‍കരണം നടക്കുന്ന സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു. സമൂഹം വ്യക്തികളായി വിഘടി ക്കുകയും പരപരിഗണന അപ്രത്യക്ഷമാകുകയും സ്വാര്‍ത്ഥത പെരുകുകയും കൂടിച്ചേരലും,കുട്ടായ്മകളുമില്ലാതെ,പൊതുസമൂഹം പടിപടിയായി അപ്രത്യക്ഷമാകുകയും ചെയ്യുന്നു.ഇതിന്‍റെ ഫലമായി നടക്കുന്ന വ്യക്തിവല്‍ക്കരണം മനുഷ്യനെ മനോരോഗിയായി മാറ്റുകയും അത് അവനെ ഏത് ക്രൂരകൃത്യങ്ങളും ചെയ്യുവാന്‍ പ്രേരിപ്പിക്കയും ചെയ്യുന്നു.

                ഇവിടെയാണ് ദൈവമക്കള്‍ കാലബോധ മുള്ളവരായിരിക്കെണ്ടുന്നതിന്‍റെ അനിവാര്യത .ക്രിസ്ത്യാനിത്വത്തിന്‍റെ ഉജ്ജ്വലമായ പ്രത്യേകതകളില്‍ ഒന്നാണ് കാലബോധം. തെസ്സലോനിക്യയിലെ വിശ്വാസികള്‍ കാലബോധമുള്ള വരാ യിരിന്നതുകൊണ്ടാണ് പൗലോസ്‌ ഇങ്ങനെ പരാമര്‍ശി-ക്കുന്നത്;”സഹോദരന്മാരേ കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതി അറിയിപ്പാന്‍ ആവശ്യമില്ലലോ ” (1 തെസ്സ :5:1)

              ലോകം അതിന്‍റെ അന്ത്യത്തിലേക്കും മാനവരാശി വിപത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു എന്നുള്ളതാണ് ഇത്തരം സംഭവങ്ങള്‍ നമുക്കു സൂചന നല്‍കികൊണ്ടിരിക്കുന്നത് .ഏതു കല്ലായ ഹൃദയത്തെയും മംസമാക്കി മാറ്റുവാന്‍ സുവിശേഷ ത്തിനല്ലാതെ മറ്റു യാതൊന്നിനും കഴിയുകയില്ല .അത് ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയാതെ വര്‍ത്തമാനകാലത്തിന്‍റെ സംഭ്രമങ്ങളില്‍പ്പെട്ടു നാം നട്ടംതിരിയികയല്ലേ ? കാലങ്ങളായി വ്യക്തിഗത സുവിശേഷ പ്രവര്‍ത്തനത്തിന്‍റെ അഭാവമാണ് അപകടകരമാം വണ്ണം വ്യക്തിവല്‍ക്കരണം നടക്കുന്ന നമ്മുടെ സമൂഹത്തെ ഇത്തരം ദുരവസ്ഥയില്‍ കൊണ്ടു ചെന്നെത്തിച്ചത്.സമൂഹത്തിന്‍റെ അടിസ്ഥാനഘടകം വ്യക്തിയാണ് എന്നുള്ളത് നാം മറന്നു .തൊണ്ണൂറ്റി ഒമ്പതിനെയും വിട്ടിട്ട് ഒന്നിനെ തേടിപ്പോകുന്ന രക്ഷകന്‍റെ മനസ്സ് നമുക്ക് ഇല്ലാതെപോയി .ജാതി മത വൈകൃതങ്ങളോ ഉച്ചവെയിലിന്‍റെ താപമോ ,കാല്‍നടയായി മൈലുകള്‍ താണ്ടിപ്പോകേണ്ടുന്നതിന്‍റെ കാഠിന്യമോ പാപിനിയായ ഒരു ദളിത് സ്ത്രീയുടെ അടുക്കലേക്കു പോകേണ്ടുന്നതില്‍ നിന്നും നമ്മുടെ രക്ഷകനെ പിന്തിരിപ്പിച്ചില്ല .ഫലമോ ….അവളെ മാത്രമല്ല ഒരു പട്ടണം മുഴുവനും നേടുവാന്‍ നമ്മുടെ രക്ഷകനു കഴിഞ്ഞു.ഈ മനസ്സും ഹൃദയവും നമുക്കുണ്ടായിരുന്നു എങ്കില്‍ വ്യക്തികളില്‍ കൂടി സമൂഹത്തെയും സമൂഹത്തില്‍ കൂടി രാഷ്ട്രത്തെയും നേടുവാന്‍ നമുക്കു കഴിയുമായിരുന്നു .അതെ … കാലത്തിന്‍റെ കദനങ്ങള്‍ക്കും അനിശ്ചിതത്വ ങ്ങള്‍ക്കും പരിഹാരം കാലാതീതനായ കര്‍ത്താവായ യേശുക്രിസ്തു മാത്രമാണ്.അതുകൊണ്ട് കാലത്തിന്‍റെ തടവുകാരായി തീരാതെ നാം ഈ കാലത്തിന്‍റെ സ്വഭാവത്തെ തിരിച്ചറിഞ്ഞ് ,കാലത്തിന്‍റെ അസ്വസ്ഥതകള്‍ക്ക് പരിഹാരനായ കര്‍ത്താവായ യേശുക്രിസ്തുവിനെ ലോകത്തില്‍ ഉയര്‍ത്തിക്കാട്ടി കാലബോധ മുള്ളവരായി തീരാം.അതോടൊപ്പം തന്നെ വര്‍ത്തമാനകാല സംഭവങ്ങളും യാതൊരു അനിശ്ചിതത്വങ്ങളും ആധിപത്യം ചെലുത്തുവാന്‍ കഴിയാത്ത കാലാതീതയ്ക്കുവേണ്ടി നാം സൃഷ്ടിക്കപെട്ടവരാണ് എന്നുള്ള അവബോധം നമ്മുടെ ജീവിതത്തിലെ സമസ്തമണ്ഡലങ്ങളെയും ഉണര്‍ത്തി ഉഷാറാക്കെണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്.