28 Oct

തലനാരിഴ കീറുന്നവരും പാരമ്പര്യവാദികളും

             തലനാരിഴ കീറുന്നവരും പാരമ്പര്യവാദികളും തമ്മില്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്.എന്നാല്‍ ഒടുവില്‍ വിവാദങ്ങള്‍ വിവാദങ്ങളായിത്തന്നെ അവശേഷിക്കയും അത് ആരിലും യാതൊരു ചലനങ്ങളും സൃഷ്ട്ടിക്കാതെ,പത്രമാസികകളുടെ താളുകളില്‍ തന്നെ ഒതുങ്ങുകയും ചെയ്യും.കാരണം യാതൊരു തരത്തിലുള്ള ചിന്തകള്‍ക്കും ബ്രദറന്‍ സമൂഹത്തെ ഉണര്‍ത്തി ഉഷാറാക്കുവാന്‍ കഴിയാത്ത നിലയില്‍ നാം ശീതോഷ്ണവസ്ഥയില്‍ ആണ് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. “സ്ത്രീകള്‍ മിണ്ടുവാന്‍ പാടില്ല ” എന്ന തലക്കെട്ടില്‍ ഒരു തലക്കുറി കണ്ടതുകൊണ്ടാണ് ഇങ്ങനെ ഒരു ലേഖനം എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്.നമ്മുടെ സമൂഹത്തില്‍ ആദ്യമായിട്ടാണ് എന്നു തോന്നുന്നു സ്ത്രീപക്ഷത്തും പുരുഷപക്ഷത്തും നിന്ന് സംസാരിക്കുന്നവര്‍ ഉണ്ടാകുന്നത്.

ഗണിതശാസ്ത്രം പോലെ ആവര്‍ത്തനവിരസങ്ങളായ പ്രഭാഷനങ്ങളും ക്ലാസ്സുകളും കേട്ടുമടുത്ത നമ്മുടെ സമൂഹത്തിനു ചില നവാഗതരുടെ പുതിയ വിഷയങ്ങളും അവതരണ ശൈലിയും കൊണ്ട്, അവര്‍ക്ക് ലഭിച്ച സ്വാധീനവും മുന്നേറ്റവും ആണോ ഇതിന്‍റെ പിമ്പില്‍ എന്ന് ന്യായമായ സംശയവും ഉണ്ട്.സ്ത്രീകള്‍ മിണ്ടുവാന്‍ പാടില്ല എന്ന് ഏതെങ്കിലും ഒരു പണ്ഡിതന്‍ എവിടെയെങ്കിലും പഠിപ്പിക്കുന്നുണ്ടോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. അഥവാ അങ്ങനെ ആരെകിലും പഠിപ്പിച്ചാല്‍ നമ്മുടെ സഹോദരിമാര്‍ മിണ്ടാട്ടം അവസാനിപ്പിച്ചിട്ട് മൌനത്തിന്‍റെ പുറംതോടിനുള്ളില്‍ ഓടിയോളിക്കുമോ ? സ്ത്രീകള്‍ മിണ്ടാം എന്നത് കൊണ്ട് ശുശ്രൂഷിക്കാം എന്നാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍ അതിനുപിന്നാലെ വരുന്ന ഒട്ടനവധി ചോദ്യങ്ങള്‍ക്ക് സ്ത്രീപക്ഷത്തു നിന്ന് സംസാരിക്കുന്നവര്‍ക്ക് മറുപടി പറയേണ്ടതായി വരും.

     നമ്മുടെ പൊതുശുശ്രൂഷകളില്‍ സഹോദരിമാര്‍ക്ക് വചനം ശുശ്രൂഷിക്കാമോ? സംഗീത ശുശ്രൂഷ നിര്‍വഹിക്കാമോ ? പ്രാര്‍ത്ഥിക്കുകയും പ്രബോധിപ്പിക്കയും ചെയ്യാമോ ?സണ്‍‌ഡേസ്കൂള്‍ പഠിപ്പിക്കാമോ ?എങ്കില്‍ ഏതു പ്രായംവരെയുള്ള കുട്ടികളെ ? മാതാപിതാക്കള്‍ക്ക് കുട്ടികളെ ഉപദേശിക്കാമോ ? എങ്കില്‍ ഏതു പ്രായം വരെ ? ഭാര്യക്ക്‌ ഭര്‍ത്താവിനെ ഉപദേശിക്കാമോ ? എന്‍റെ ഏറ്റവും പ്രസക്തമായ ചോദ്യം ,വിശുദ്ധന്മാര്‍ ഇല്ലാത്ത കൂടിവരവുകളില്‍ സഹോദരിമാര്‍ക്ക് വചനം ശുശ്രൂഷിക്കാം എങ്കില്‍ അതിനു ആധാരമായ വചനം എവിടെ ? പുരുഷന്മാര്‍ ഇല്ലാത്ത കൂടിവരവുകളില്‍ പുരുഷന്‍റെ കൂടി തലയായ ക്രിസ്തുവിന്‍റെ സാനിധ്യം ഇല്ലേ ? പിന്നെ എങ്ങനെ അവര്‍ക്ക് പഠിപ്പിക്കാന്‍ കഴിയും ?

             “സ്വര്‍ഗ്ഗരാജ്യം പുളിച്ച മാവിനോട് സദൃശ്യം , അത് ഒരു സ്ത്രീ എടുത്ത് മൂന്നു പറ മാവില്‍ എല്ലാം പുളിച്ചു വരുവോളം അടക്കിവെച്ചു ” മത്തായി 13:32. പുളിച്ചമാവ് സുവിശേഷം ആണ് എന്ന് വ്യാഖ്യാനിക്കു  ന്നവര്‍ ഉണ്ട് . അങ്ങനെയെങ്കില്‍ പുളിച്ച മാവ് എന്തിനാണ് അടക്കി വെച്ചത് – സുവിശേഷം അടക്കിവെക്കുകയല്ല  മറിച്ച്    ഘോഷിക്കുകയാണല്ലോ ചെയ്യുന്നത്.ദൈവവചനത്തിന്‍റെ ഉപദേശത്തോടുള്ള ബന്ധത്തില്‍ എവിടെയെങ്കിലും സ്ത്രീയെ ചിത്രീകരിച്ചാല്‍ അത് തിന്മയുടെ പ്രമാണം ആയിട്ടാണ് കാണുവാന്‍ കഴിയുന്നത്‌ . പുളിച്ച മാവ് എന്നതിന് ചില ഭാഷാന്തരങ്ങളില്‍ പുളിപ്പ് എന്നു കാണുന്നത് കൂടുതല്‍ സ്വീകാര്യം ആണ്.അപ്പത്തിനുവേണ്ടി മാവില്‍ പുളിപ്പ് (yeast) ചേര്‍ക്കുന്നതുപോലെ ,ഇവിടെ കാണുന്ന പുളിപ്പ് ദുരുപദേശവും , അത് ഇന്നത്തെ സഭകളുടെ ആന്തരിക അവസ്ഥയെയും ആണ് കാണിക്കുന്നത്.

വേദപുസ്തകം പരിശോധിച്ചാല്‍ ഉപദേശത്തോടുള്ള ബന്ധത്തില്‍ സ്ത്രീയെ വിലക്കിയിരിക്കുന്നതിനു ചില ന്യായങ്ങള്‍ കാണുവാന്‍ കഴിയും . ഒന്ന് സൃഷ്ട്ടിപരമായ അവളുടെ സ്ഥാനം.ആദ്യം ആദാം ; പിന്നെ ഹൌവ്വ .ഒന്നാമതായി തെറ്റില്‍ അകപ്പെട്ടത് ഹൌവ്വായാണ് . ലംഘനത്തില്‍ അകപ്പെട്ടതിന്ശേഷം ,അവളുടെ ഘടനാപരമായ ബലഹീനത (സ്ത്രീ ബലഹീനത മാത്രം ) ദൂതന്മാര്‍ നിമിത്തം തലമേല്‍ അധീനതാ ലക്ഷ്യം .മാത്രമല്ല കീഴടങ്ങിയിരിക്കാന്‍ ആണ് ദൈവവവചനം അവളെ അനുശാസിക്കുന്നത് .

ഇതിനു വിരുദ്ധമായി എവിടെയെല്ലാം വചനം എടുത്തിട്ടുണ്ടോ, അവിടെയെല്ലാം വലിയ പരാജയം സംഭവിച്ചിട്ടുണ്ട്.അനേക ദുരുപദേശ സംഘങ്ങള്‍ക്ക് സ്ത്രീകള്‍ വിത്തുപാകിയിട്ടുണ്ട് എന്നുള്ളത് ചരിത്രത്തിന്‍റെ പാഠങ്ങളാണ് . ഇന്നും ധാരാളം ദുരുപദേശ സംഘങ്ങളുടെ തലപ്പത്ത് സ്ത്രീകള്‍ ആണ് വിഹരിക്കുന്നത് എന്നുള്ളതും യാഥാര്‍ത്ഥ്യം ആണ്. പെട്ടന്ന് തെറ്റിലേക്കും ദുരുപദേശത്തിലേക്കും സ്വാധീനിക്കപ്പെടുവാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ്.

നാം പലപ്പോഴും വചനത്തിന്‍റെ സമാന്യതലത്തില്‍ നിന്നുകൊണ്ടാണ് ചിന്തിക്കുന്നത്.എന്നാല്‍ വചനത്തിന്‍റെ സൂക്ഷ്മതലത്തിലെക്കും അതിസൂക്ഷ്മതലത്തിലേക്കും നാം ഇറങ്ങിചെല്ലുമ്പോള്‍ ചില മേഘലയിലെങ്കിലും ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് ബോധ്യമാകും. എന്നാല്‍ നമ്മുടെ കടുത്ത യാഥാസ്ഥിതികത്വം അതിനു നമ്മളെ അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ബ്രദറണ്‍ സമൂഹത്തെ യാതൊരു തരത്തിലുള്ള ചിന്തകള്‍ക്കും ഉണര്‍ത്തി ഉഷാറാക്കുവന്‍ സാധിക്കാത്തത്.
എന്തായാലും നമ്മുടെ കുടുംബങ്ങളിലും, സഭകളിലും സ്ത്രീ ശബ്ദം ഉയരാതിരിക്കട്ടെ…സ്ത്രീപക്ഷത്തും പുരുഷപക്ഷത്തും നിന്നല്ല നാം ചിന്തിക്കേണ്ടത് ; മറിച്ച് വചനത്തിന്‍റെ പക്ഷത്തുനിന്നാണ്..

                                                                                                                                                   ജോസ് ഫിലിപ്പ്