അപക്വമായ മനസ്സിന്‍റെ അപഥ സഞ്ചാരങ്ങള്‍
ഉത്തമഗീതം എന്ന അതിമനോഹരമായ കാവ്യത്തിന്‍റെ ഇതിവൃത്തം രതിയാണന്നും അത് വിവാഹാനന്തര സുരതത്തിനു വേണ്ടിയുള്ളതാണന്നുമുള്ള നമ്മുടെയിടയിലെ രണ്ടു വേദശാസ്ത്രികളുടെ കണ്ടെത്തല്‍, അപക്വമായ മനസ്സിന്‍റെ അപഥസഞ്ചാരമായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ. മാത്രമല്ല, ആധുനിക വേദവ്യാഖ്യാതാക്കള്‍ എത്രമാത്രം അപകടകരമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത് എന്നുള്ളതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടിയാണ് ഇത്. വചനത്തിന്‍റെ വിശുദ്ധിയാണ് അത് ഉള്‍ക്കൊള്ളുന്നവന്‍റെ മനസ്സിന്‍റെ വിശുദ്ധി. മനസ്സിന്‍റെ വിശുദ്ധിയാണ് അക്ഷരത്തില്‍ക്കൂടി തെളിഞ്ഞുകാേണണ്ടത് . ഭൌതികതയുടെ ചളിക്കുണ്ടില്‍ വീണു കിടക്കുന്ന മനസ്സില്‍ നിന്നെ ഇത്തരം അസുഖകരമായ ചിന്തകള്‍ പുറപ്പെട്ടു വരികയുള്ളു.
യഹൂദറബ്ബിമാര്‍ 30 വയസ്സിനു മുമ്പ് ഈ പുസ്തകം വായിക്കരുത് എന്ന് നിഷ്കര്‍ഷിച്ചിരുന്നതിന്‍റെ സാംഗത്യം ഇതുതന്നെയാണ്. പ്രതിബിംബങ്ങളും, പ്രതിരൂപങ്ങളും സാദ്യശ്യങ്ങളുമായി പുരോഗമിക്കുന്ന ഉത്തമഗീതത്തിന്‍റെ ഭാഷയും അവിഷ്ക്കാരശൈലിയും യാതൊരുവനെയും ഹഠാദാകര്‍ഷിക്കുന്നതാണ് . എന്നാല്‍ മാംസനിബന്ധമായ അനുരാഗ സാഫല്യമല്ല ഇതിലെ ഇതിവൃത്തം.
ഭൌതികതയെക്കൊണ്ട് അഭൌതികതയെ വെളിപ്പെടുത്തുക എന്നതാണ് ബൈബിള്‍ സ്വീകരിക്കുന്ന രീതി.ലൌകികഭോഗങ്ങളില്‍ നിന്ന്‍ മനസ്സിനെ പിന്തിരിപ്പിക്കാനുള്ള താല്പര്യമാണ് ലോകമതങ്ങളില്‍പോലും കാണുന്നത്.അപ്പോള്‍ ഇവിടെ,ഇന്ദ്രിയാനുഭൂതിക്കുവേണ്ടി പരിശുദ്ധാത്മാവ് ഒരു പുസ്തകം കൂട്ടിച്ചേര്‍ത്തു എന്ന വ്യാഖ്യാനം ജൂഗുപ്സാവഹമാണ്.
സ്ഥൂലാര്‍ത്ഥത്തില്‍ നിന്നുകൊണ്ട് വിവക്ഷിക്കുകയാണെങ്കില്‍ മാംസനിബന്ധമായ അനുരാഗ സാഫല്യമായി ഇതിനെക്കാണുവാന്‍ കഴിയുകയുള്ളൂ.എന്നാല്‍ സൂക്ഷ്മാര്‍ത്ഥത്തിലേക്കു പ്രവേശിക്കുമ്പോള്‍ ആണ് ഇതിന്‍റെ ഇതിവൃത്തം ശുദ്ധമായ പ്രേമമാണ് എന്നും, അത് ക്രിസ്തുവും സഭയുമായുള്ള തീവ്രമായ അനുരാഗത്തിന്‍റെ അതിശക്തമായ അവിഷ്ക്കാരമാണെന്നും അറിയുവാന്‍ കഴിയുകയുള്ളൂ.ഈ ദിവ്യസ്നേഹത്തെ വെളിവാക്കുന്ന പല വാക്യശകലങ്ങളും ഇതില്‍ ഉണ്ട്.”എന്‍റെ സഹോദരീ, എന്‍റെ കാന്ത കെട്ടി അടച്ചിരിക്കുന്ന തോട്ടം….(4:12) നീ എന്‍റെ അമ്മയുടെ മുല കുടിച്ച സഹോദരന്‍ ആയിരുന്നെങ്കില്‍! ഞാന്‍ നിന്നെ വെളിയില്‍ കണ്ടു ചുംബിക്കുമായിരുന്നു.ആരും എന്നെ നിന്ദിക്കയില്ലായിരുന്നു.
കാവ്യ പ്രപഞ്ചത്തെ വിലയിരുത്തുമ്പോള്‍ കവികള്‍ പലപ്പോഴും ഇതിവൃത്തം കണ്ടെത്തുന്നത് ഗതകാല സാഹിത്യങ്ങളില്‍ നിന്നോ,വേദങ്ങളില്‍ നിന്നോ,പ്രകൃതിയില്‍ നിന്നോ സ്വന്തം ഭാവനയില്‍ നിന്നോ ഒക്കെ ആണെന്ന് കാണുവാന്‍ കഴിയും.എല്ലാ തിരുവെഴുത്തും ദൈവശ്യാസീയമാണ് എന്ന കാരണത്താല്‍ ഇതിന്‍റെ ഇതിവൃത്തവും ഓരോ വരികളും ദൈവശ്യാസീയമാണ്.ജ്ഞാനികളുടെ ജ്ഞാനിയായ ശലോമോനെ ദിവ്യജ്ഞാനത്താല്‍ നിറച്ചത് സര്‍വ്വജ്ഞാനിയായ ദൈവമാണ്. ഈ ഗീതത്തിന്‍റെ പരമമായ ഉദ്ദേശം കാല്പനികതയുടെ അടിസ്ഥാന സ്വഭാവങ്ങള്‍ കവനപാഠവം കൊണ്ട് വെളിപ്പെടുത്തുക എന്നുള്ളതല്ല,മറിച്ച് ഇതിനെ കൂട്ടിച്ചേര്‍ത്ത പവിത്രാത്മാവിന്‍റെ ഉദ്ദേശപൂര്‍ത്തീകരണമാണ്. രാജാവ്,മനുഷ്യന്‍,ദാസന്‍,ദൈവം ഇതെല്ലാം ക്രിസ്തുവിനെ സംബന്ധിച്ച് വേദത്തില്‍ ഉള്ള ഉള്‍കാഴ്ചകളാണ്.എന്നാല്‍ ക്രിസ്തു ആത്മമണവാളന്‍ എന്നുള്ളത് ഭക്തനെ സംബന്ധിച്ച് അവാച്യമായ ആത്മീയ അനുഭൂതിയുളവാക്കുന്നതും ക്രിസ്തുവിലുള്ള ഭക്തിയിലും ഏകാഗ്രതയിലും അവന്‍റെ മനസ്സിനെ ഉറപ്പിക്കുന്നതും ആണ്.ഇത് തന്നെയാണ് ഉത്തമഗീതത്തിന്‍റെ സ്പന്ദനം.പ്രിയയുടെ അംഗലാവണ്യം മാത്രമല്ല ;ആയിരങ്ങളില്‍ പതിനായിരങ്ങളില്‍ അതിസുന്ദരമായ പ്രിയന്‍റെ അംഗപ്രത്യംഗ വര്‍ണ്ണന,ഏതൊരു ഭക്തന്‍റെയും ഹൃദയത്തെ തരളിതമാക്കുന്നതാണ്.
പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ ഇത് പാരായണം ചെയ്യുകയും,പഠിക്കുകയും,ധ്യാനിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഉണ്ടാകുന്ന ഉല്‍ക്കടമായ അഭിലാഷം,കാന്തയുടെ സ്ഥാനം ഉള്‍ക്കൊണ്ട്കൊണ്ട് “നിന്‍റെ പിന്നാലെ എന്നെ വലിക്ക എന്നതാണ് ” (1:4) . കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അനേക ദൈവമക്കള്‍ ഇത് വായിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും ചെയ്തുകൊണ്ട് ഇതില്‍ കൂടി പ്രകടമയിവരുന്ന ക്രിസ്തുവിന്‍റെ സൗന്ദര്യം ദര്‍ശിക്കുവാനും ഭക്തിപാരവശ്യത്തോടെ അവന്‍റെ പാദാരവിന്ദങ്ങളില്‍ വീഴുവാനും ഇടയായിത്തീര്‍നിട്ടുണ്ട്.ഇന്നും നമ്മുടെ ആത്മീക ജീവിതത്തെ ചൈതന്യവക്താക്കുന്ന ഈ അനുഗ്രഹീകീത ഗ്രന്ഥം നമുക്കു തന്നതുകൊണ്ട് അവനെ സ്തുതിക്കാം.
എന്നാല്‍ ഈ അതിവിശിഷ്ട്മായ കാവ്യം ശരീരസംബന്ധിയാണെന്നും ജന്മവാസനകളുടെ പൂര്‍ത്തികരണത്തിന് വേണ്ടിയാണെന്നും വാദിക്കുന്നവര്‍ പരിശുദ്ധാത്മാവിന്‍റെ നേരെയാണ് പാപം ചെയ്തിരിക്കുന്നത്. അതുകൊണ്ട് അവര്‍ ദൈവത്തോടും , ബ്രദറന്‍ സമൂഹത്തോടും മാപ്പ് പറഞ്ഞു മടങ്ങി വരേണ്ടതാണ്.
ജോസ് ഫിലിപ്പ്