21 Dec

നാം ഒരു ഹിപ്നോട്ടിക്ക് സജഷന്‍റെ പിടിയിലേക്കോ ?

                  നമ്മുടെ നാടിന്‍റെ കോണായ കോണിലെല്ലാം കമാനങ്ങളും ,പ്രസംഗരുടെ ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ട ഫ്ലെക്സ്ബോര്‍ഡുകളും ,പോസ്റ്ററുകളും ,ബാനറുകളും നിരന്നു തുടങ്ങി.ഫെസ്റ്റുകളെ സംബന്ധിച്ചുള്ള പല പരസ്യങ്ങളും കണ്ടാല്‍ സന്ദേശത്തെക്കാള്‍ സന്ദേശവാഹകന്മാര്‍ക്കാണ് പ്രാധാന്യം എന്ന് തോന്നും.താമസിയാതെ നാം ഒരു ഹിപ്നോട്ടിക്ക് സജഷന്‍റെ പിടിയിലാകും.ഈ അവസ്ഥ സൃഷ്ട്ടിച്ചെടുക്കുന്നത് നാം ഇപ്പോള്‍ അവിടവിടായി കെട്ടിപ്പൊക്കുന്ന സുവിശേഷ പന്തലിലെ തിരയിളക്കങ്ങളില്‍നിന്നാണ്‌.                        അഗാധതല സ്പര്‍ശിയായ ചിന്താധാരയെ,നവജീവിത ദര്‍ശനത്തെ,അനുഭവങ്ങളെ തരം താണ സെന്റിമെന്‍റെലിസമാക്കുന്ന ശൈലിയാണ് കേരളത്തിലെ സുവിശേഷ പ്രസംഗങ്ങള്‍. സുവിശേഷമെന്നാല്‍….ആശയങ്ങള്‍ക്കുമീതെ ആശയങ്ങള്‍ …വാക്കുകള്‍ക്കു മീതെ വാക്കുകള്‍…എല്ലാ ഭാഷാ സ്വാധീനത്തോടുകൂടി പ്രാസമൊപ്പിച്ചു അതിശക്ത്തമായി ,അതിഗംഭീരമായി ,കാതടപ്പിക്കുന്ന ശബ്ദത്തില്‍ പൊതുവേദിയില്‍ അവതരിപ്പിക്കുക എന്നതാണ് നമ്മുടെയൊക്കെ സങ്കല്പം.ചിലയിടങ്ങളില്‍ ഒരു ഡസനിലധികം പ്രഭാഷകരെ അവതരിപ്പിച്ചുകൊണ്ട് ഒരു പ്രസംഗമത്സരം പോലെയാണ് യോഗങ്ങള്‍.ഒരു വേദിയില്‍ തന്നെ ഒന്നിലധികം പ്രഭാഷണങ്ങള്‍ ഒരു രാത്രിയില്‍ ഉണ്ടാകുമ്പോള്‍ ഏതാണ് ഗംഭീരം എന്ന ചര്‍ച്ചയും നമുക്കിടയില്‍ ഉണ്ടാകും.ബ്രദറണ്കാര്‍ മാത്രമുള്ള സദസ്സില്‍ ഒരു പക്ഷെ പുറത്തു നിന്നും ഏതെങ്കിലും ഒരു മാന്യ ശ്രോതാവ് ഉണ്ടെങ്കില്‍ ഒടുവില്‍ ഒന്നും മനസിലാക്കാതെ ഒരു ഹിപ്നോട്ടിക്ക് സജഷന്‍റെ പിടിയില്‍ നിന്നും മുക്ക്തി നേടിയതു പോലെയുള്ള അനുഭവമായിരിക്കും ഉണ്ടാകുന്നത്.കാലങ്ങളായി നമ്മുടെ സുവിശേഷയോഗങ്ങള്‍ മുകള്‍പ്പരപ്പിലെ തിരയിളക്കങ്ങള്‍ പോലെയാണ്.ചില ബുദ്ധിജീവികളും പ്രഭാഷകന്മാരും നടത്തുന്ന കേവലം വാക്കുകള്‍ കൊണ്ടുള്ള കളരിപ്പയറ്റുകള്‍ മാത്രം ആണ്.പതനത്തില്‍ നിന്നും പതനത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ബ്രദറണ്‍ സമൂഹത്തെയോ അതിഭയാനകമായ ഭാവിയിലേക്കു നീങ്ങികൊണ്ടിരിക്കുന്ന പൊതുസമൂഹത്തെയോ ഉദ്ധരിക്കുവാന്‍-രക്ഷിക്കുവാന്‍ വാക്കുകള്‍ കൊണ്ടുള്ള ഈ കസര്‍ത്തുകള്‍ക്ക് സാധ്യമല്ല.

                      സമുഹത്തില്‍ സക്ഷ്യമുള്ളവരായി ജീവിച്ചിട്ടു ആത്മഭാരത്തോടും പ്രാര്‍ത്ഥനയോടും കണ്ണീരോടും കൂടി നടത്തുന്ന യഥാര്‍ത്ഥ സുവിശേഷ യോഗങ്ങളെ തരംതാഴ്ത്തി കാണിക്കുകയല്ല എന്‍റെ ഉദ്യമം(paradox).അയുക്തമെന്നു തോന്നാമെങ്കിലും ഈ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ യാഥാര്‍ത്ഥമാണ്. There is poverty in the land of plenty.
വാക്കും അര്‍ത്ഥവും ഒന്ന് മറ്റൊന്നിനോട് വേര്‍പിരിക്കാനാവാത്തവിധം ഉള്‍ചേര്‍ന്നിരിക്കുന്നത് പോലെയാണ് സുവിശേഷവും ജീവിതവും. ഫിലി 1:7ല്‍ “സുവിശേഷത്തിന്‍റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും” എന്ന പൗലോസിന്‍റെ  പ്രയോഗം സുവിശേഷത്തിന്‍റെ  ആന്തരീകദളങ്ങളും ബാഹ്യദളങ്ങളും ഒരുപോലെ വിടര്‍ത്തിക്കാട്ടുന്ന അതിമനോഹരമായ അവസ്ഥാവിശേഷമാണ്. ഇവിടെയാണ് സുവിശേഷം മാനവഹൃദയങ്ങള്‍ക്ക്‌ ആസ്വാദ്യകരം ആകുന്നതും അവര്‍ സ്വീകരിക്കുന്നതും.പൗലോസ്‌ വീടുകള്‍ തോറും പുഴവക്കത്തും ഗ്രാമങ്ങളിലും ചന്തസ്ഥലത്തും സിനഗോഗുകളിലും ജനത്തെ അഭിസംബോധന ചെയ്തിരുന്നു.താന്‍ സ്വീകരിച്ചിരിക്കുന്ന ശൈലി സംവാദം ആയിരുന്നു.ശ്രോതാക്കള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള അവസരം സിനഗോഗുകളില്‍ പോലും ധാരാളം ഉണ്ടായിരുന്നു.(reasoning).സുവിശേഷത്തിന്‍റെ നാനാവശങ്ങളെക്കുറിച്ചും ന്യായാന്യായങ്ങളെക്കുറിച്ചും ഏറ്റവും ലളിതമായ ശൈലിയില്‍ ആവിഷ്ക്കരിക്കുക എന്നു മാത്രമല്ല തെളിവുകള്‍ നിരത്തി അത് സ്ഥിരീകരിക്കുക എന്ന ശ്രമകരമായ ദൌത്യവും താന്‍ ഏറ്റെടുത്തിരിക്കുന്നു.സുവിശേഷത്തിന്‍റെ സ്ഥിരീകരണത്തിന്‍റെ മറ്റൊരു പ്രധാനപ്പെട്ട വശം തന്‍റെ സംസ്കരിക്കപ്പെട്ട ജീവിതവും താന്‍ പറയുന്നതല്ല,മറ്റുള്ളവര്‍ കാണുന്ന തന്‍റെ അനുഭവ സാക്ഷ്യവും ആയിരുന്നു.സുവിശേഷം പൌലോസിന്‍റെ വിപ്ലവാത്മകമായ ജീവിത പരിവര്‍ത്തനത്തിന്‍റെ അഗാധതലത്തില്‍ നിന്നുള്ള പ്രതിഫലനം ആയി മാറിയപ്പോഴാണ് നാടും നഗരവും ഇളകി മറിഞ്ഞത്.ഇത്തരം ഒരു ശൈലി നമ്മുടെ സങ്കല്‍പ്പങ്ങളില്‍ പോലും കടന്നു കൂടിയില്ല.
ഒന്നാം നൂറ്റാണ്ടിന്‍റെ ശൈലിയില്‍ നിന്ന് നാം എത്രമാത്രം അകന്നു പോയിരിക്കുന്നു.ലോകത്ത് ഇന്നുവരെ അവതരിപ്പിച്ചിട്ടുള്ള അതിമഹത്തായ വിഷയം എന്ത് എന്നു ചോദിച്ചാല്‍ ഉടന്‍ ഉത്തരം നല്‍കാന്‍ കഴിയുന്നത്‌ സുവിശേഷം എന്നതാണ്.കാരണം സുവിശേഷത്തിന്‍റെ സാരസത്ത ക്രിസ്തു എന്നത് തന്നെ.എന്നാല്‍ ഇന്ന് സുവിശേഷം പലര്‍ക്കും ശീതോഷ്ണ ജലം പോലെയാണ്.അതിനെ നാം വായില്‍ നിന്നും ഉമിണ്ണു കളഞ്ഞിരിക്കുന്നു.പകരം വെയ്ക്കുന്ന വാക്കുകള്‍ എന്തൊക്കെയാണ്.ഞാന്‍ ഒരിക്കല്‍ പരാമര്‍ശിചിട്ടുള്ളതാണ്.മ്യൂസിക്‌ ഫെസ്റ്റ് കണ്‍വെന്‍ഷന്‍ ,കാല്‍വറി മീറ്റ് ഇങ്ങനെ പോകുന്നു നമ്മുടെ ബുദ്ധിജീവികളുടെ കണ്ടെത്തല്‍.എല്ലാവരും പൊയ്മുഖങ്ങള്‍ അണിഞ്ഞു നടനം ആടുന്ന ഉത്സവത്തിന്‍റെ ആരവാരങ്ങള്‍ പോലെ മാറിയിരിക്കുന്നു നമ്മുടെ ഫെസ്റ്റുകള്‍.
ആത്മീകമെന്ന പ്രച്ഛന്നത്തില്‍ കൂടിയാണ് വളരെ പ്രതിലോമകരമായിരിക്കുന്ന ആശയങ്ങള്‍ ശത്രുവായവാന്‍ നമ്മുടെ മുന്നില്‍ കൊണ്ടുവരുന്നത്.സുവിശേഷം നമ്മുടെ ജീവിത പരിസരങ്ങളില്‍ നിന്നും അകറ്റി നിറുത്തുന്നതില്‍ അവന്‍ വിജയിച്ചിരിക്കുന്നു.നമുക്ക് ഈ കളി അവസാനിപ്പിക്കാം.നമ്മുടെ വേഷങ്ങളും പൊയ്മുഖങ്ങളും അഴിച്ചുവെച്ചു ജീവിതത്തിലേക്ക് മടങ്ങിവരാം.കാലത്തെ വെല്ലുന്ന ,കാലത്തെ മുറിച്ചുകടക്കുന്ന സുവിശേഷത്തിന് ഇന്നും പ്രസക്തിയുണ്ട് .അതിനെ നാം ആണ്ടേക്കൊരിക്കല്‍ മാത്രം പടുത്തുയര്‍ത്തുന്ന വേദികളില്‍ സങ്കോചിപ്പിക്കാതെ മനുഷ്യജീവിതത്തിന്‍റെ സൂക്ഷ്മസന്ദര്‍ഭങ്ങളിലേക്ക് വികസിപ്പിക്കേണ്ടിയിരിക്കുന്നു.സുവിശേഷത്തെക്കുറിച്ച് എനിക്ക് ലജ്ജയില്ല എന്ന് പൗലോസ്‌ പറയുമ്പോള്‍ മനുഷ്യന്‍റെ പരിവര്‍ത്തനത്തിനും പുനഃസൃഷ്ട്ടിക്കും അത് മാത്രമേ ഉള്ളു എന്നുള്ള ബോധ്യം തനിക്കുണ്ടായിരുന്നു.പകരം വാക്കുകള്‍ തേടുന്നതിനെക്കാള്‍ ജനമധ്യത്തിലേക്ക് ഇറങ്ങിച്ചെന്നു അവരുടെ നടുവില്‍ ജീവിച്ച് അവരോട് നമുക്ക് ഇതറിയിക്കാം.സുവിശേഷത്തിന്‍റെ പ്രതിവാദവും സ്ഥിരീകരണവും നമ്മില്‍ക്കൂടെയല്ലാതെ വേറെയൊരു മാര്‍ഗ്ഗവും ദൈവത്തിനില്ല എന്ന തിരിച്ചറിവിലേക്ക് നാം മടങ്ങിവരേണ്ടിയിരിക്കുന്നു.