നാം ഒരു പുനര്‍വിചിന്തനത്തിന്‍റെ പുലര്‍കാലവെട്ടത്തിലോ ?
സഭയുടെ അസ്തിത്വ സവിശേഷതകളില്‍ സമുന്നതമായത് സഭ ക്രിസ്തുവിന്‍റെ മാര്‍മ്മിക ശരീരവും സഭ കാന്തനായ ക്രിസ്തു സഭയുടെ ശിരസ്സായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്നുള്ളതുമാണ്.മുഴച്ചു നില്‍ക്കുന്ന മറ്റൊരു മഹിമ സ്ഥലം സഭ സ്വതന്ത്രമാണ് എന്നുള്ളത്.സഭയുടെ ശിരസ്ഥാനം ക്രിസ്തു വഹിക്കുന്നതുകൊണ്ട് അതിന്‍റെ കാരണവസ്ഥാനത്ത് സംഘടനകള്‍ക്കോ,കമ്മറ്റികള്‍ക്കോ യാതൊരു മാനുഷിക അധികാരങ്ങള്‍ക്കോ കൈവയ്ക്കുവാന്‍ കഴിയുകയില്ല.പുതിയനിയമത്തില്‍ വെളിപ്പെട്ടതും ബ്രദറണ്‍ സമൂഹം ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഈ ഉന്നതമായ വേദചിന്തകള്‍ക്ക് വിരുദ്ധമായി വികസിപ്പിച്ചെടുക്കുന്ന യാതൊരു യുക്തികളും വേദവിപരീതവും അതുകൊണ്ടുതന്നെ അപകടകരവും ആണ്.സംഘടനകളിലേക്കുള്ള ആപല്‍ക്കരമായ പരിണാമം എന്നു മുതല്‍ക്കാണ് ആരംഭിച്ചതെന്നു അതിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നും കൃത്യമായി പറയുവാന്‍ കഴിയുകയില്ല.
ഒരു സ്ഥലം സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം അതതു സ്ഥലത്ത് കൂടിവന്നു ആഴ്ചവട്ടത്തിന്‍റെ ഒന്നാംദിനം കര്‍ത്താവിനെ ആരാധിക്കുക എന്നുള്ളതാണ്.പുതിയനിയമ സഭകള്‍ ആ സ്ഥലത്തോട് ചേര്‍ത്തു വെച്ച പേരും അതാതു സ്ഥലത്ത് കൂടി വന്നു തങ്ങളുടെ അസ്ഥിത്വം നിലനിര്‍ത്തിപ്പോന്നു എന്നും നാം വായിക്കുന്നു.’മോറിയാ’ എന്ന വാക്കിന്‍റെ അര്‍ത്ഥം ഒരുക്കപ്പെട്ട സ്ഥലം എന്നാണ്.അബ്രഹാം അന്ന് പാര്‍ത്തിരുന്ന ബേര്‍-ശെബയില്‍ നിന്ന് മൂന്നു ദിവസത്തെ വഴി പോയി ‘മോറിയ’ എന്ന മലയില്‍ വേണമായിരുന്നു ദൈവത്തെ ആരാധിക്കുവാന്‍.യിസ്രായേലിലെ രണ്ടരഗോത്രക്കാര്‍ യോര്‍ദ്ദാന് കിഴക്ക് ഒരു സമാന്തര യാഗപീഠം പണിതപ്പോള്‍ അവശേഷിച്ച ഗോത്രങ്ങള്‍ അവര്‍ക്കെതിരെ ഒരു യുദ്ധസന്നാഹം തന്നെ നടത്തുന്നതായി കാണുവാന്‍ കഴിയും.യോശുവ 22:9-34. പഴയനിയമ കാലഘട്ടത്തില്‍ പോലും യിസ്രായേല്‍ ദേശത്ത് യാഗത്തിനായി ഒരു യാഗപീഠം മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. ‘സര്‍വ്വതലസ്പര്‍ശിയായ ആരാധന‘ എന്ന പേരിലാണ് ചില സംഘടനകളും,കണ്‍വന്‍ഷന്‍ കമ്മറ്റികളും ആഴ്ച്ചവട്ടത്തിന്‍റെ ഒന്നാം ദിവസം കര്‍ത്തൃമേശവെച്ചുള്ള ആരാധന സുവിശേഷ മഹയോഗങ്ങളോട് അനുബന്ധമായി ചില പ്രാദേശിക സ്ഥലങ്ങളില്‍ സംഘടിപ്പിക്കുവാന്‍ തുടക്കമിട്ടത്.തുടക്കമിട്ടപ്പോള്‍ എവിടെയാണോ ആരാധനായോഗം സംഘടിപ്പിക്കുന്നത് ആ സ്ഥലത്തെ സഭയുടെ അംഗീകാരവും,മുന്‍ഗണനയും ചുറ്റുപാടുമുള്ള സഭകളുടെ സഹകരണവും ഉണ്ടായിരുന്നു.എന്നാല്‍ അമിതമായ സംഘടനാവല്‍ക്കരണവും സ്ഥാനമോഹവും സഭകളും കണ്‍വന്‍ഷന്‍ കമ്മറ്റികളും തമ്മിലുള്ള ഉരസ്സലുകളില്‍ കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുന്നു.കേരളത്തിന്‍റെ “തായ്മണ്ണ്‍” എന്ന അവകാശപ്പെടുന്നിടത്തു തന്നെ സഭയും കണ്‍വന്‍ഷന്‍ കമ്മറ്റിയും തമ്മിലുള്ള പടലപിണക്കം വഴക്കിലും കേസിലും കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നു.എവിടെ ദൈവജനം പ്രമാണം വിട്ട് നടക്കുന്നുവോ അവിടെ പ്രശ്നങ്ങളും ഉടലെടുക്കും എന്നുള്ളത് സ്വാഭാവികമാണ്. സംഘടനകള്‍ക്കോ കണ്‍വന്‍ഷന്‍ കമ്മറ്റികള്‍ക്കോ ആ പ്രദേശത്തെ സ്ഥലംസഭകളെ ഒരുമിച്ചുകൂട്ടി ആരാധന നടത്തുവാനുള്ള അധികാരം ഇല്ല.ബ്രദറണ്‍ സമൂഹത്തിനു കേന്ദ്രീകൃത ഭരണസംവിധാനമോ,പ്രാദേശിക ഐക്യ നേതൃത്വമോ,തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളോ,ആള്‍ ദൈവങ്ങളോ ഇല്ല.ഈ നാളുകളില്‍ നാം ഏറ്റവും അധികം ഉയര്‍ത്തിപ്പിടിക്കേണ്ടുന്ന ആത്മീകമൂല്യം സ്ഥലം സഭകളുടെ സ്വാതന്ത്ര്യം ആണ്.യാതൊരു സംഘടനയുടെയും ശിരസ്ഥാനത്ത് ക്രിസ്തുവിനെ ഉയര്‍ത്തിയിട്ടില്ല.യാതൊരു സംഘടനയ്ക്കു വേണ്ടിയും ക്രിസ്തു മരിച്ചിട്ടില്ല.അതാതു സ്ഥലങ്ങളില്‍ ആഴ്ച്ചവട്ടത്തിന്‍റെ ഒന്നാംദിവസം കൂടിവന്ന് ആത്മാവിലും സത്യത്തിലും നീതിയിലും വിശുദ്ധിയിലും കര്‍ത്താവിനെ ആരാധിക്കുക എന്നുള്ളത് ഒരു സ്ഥലം സഭയുടെ ഏറ്റവും മഹനീയമായ പദവിയാണ്.ഈ വര്‍ഷം കേരളത്തിലെ ചില പ്രാദേശിക സ്ഥലത്തു നിന്ന് കിട്ടുന്ന സൂചനകള്‍ ആശാവഹമാണ്. വിശുദ്ധ ലിഖിതങ്ങള്‍ വിചിന്തനം ചെയ്യുമ്പോള്‍ എവിടെയാണ് ആരാധിക്കേണ്ടത് എന്നത് അവികല്പമാണ് എന്ന് കാണുവാന്‍ കഴിയും.
സഭയുടെ ചത്വരത്തില്‍ ആരാധന നടക്കുകയും സുവിശേഷ ഘോഷണത്തിനായി നാം പുറത്തേക്ക് പോകുകയും ചെയ്യണം.അങ്ങനെയെങ്കില്‍ ഈ ഗ്രഹണഘട്ടത്തില്‍നിന്നു അസ്തമയത്തിലേക്കല്ല,മനോഹരമായ ഒരു പ്രഭാതത്തെ നമുക്ക് സന്ധിക്കുവാന്‍ സാധിക്കും.