ഇത്തരം പൊങ്ങച്ചങ്ങളെ പിഴുതെറിയുക
2015 ആഗസ്റ്റ് മാസം 28 നു വെള്ളിയാഴ്ച മനോരമ പത്രത്തിന്‍റെ ആറാം പേജില്‍ വന്ന വാര്‍ത്തയാണ് ഈ ലേഖനം എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്.NSS ജനറല്‍ സെക്രട്ടറി ബഹുമാന്യനായ ജി.സുകുമാരന്‍ നായര്‍ തന്‍റെ മകന്‍റെ വിവാഹം ആഡംബരവും ആള്‍ത്തിരക്കും പൂര്‍ണ്ണമായി ഒഴിവാക്കി ലളിതമായ ചടങ്ങുകളോടെ നടത്തിയെന്ന വാര്‍ത്ത.അടുത്ത ബന്ധുക്കളും അയല്‍വാസികളുമായ സുഹൃത്തുക്കളുമടക്കം വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് ക്ഷണമുണ്ടയിരുന്നത്.സമുദായ നേതാക്കന്മാര്‍ക്കും മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കുമൊന്നും ക്ഷണമുണ്ടായിരുന്നില്ല.ക്ഷണക്കത്തില്‍ വരന്‍റെ പിതാവിന്‍റെ പേരിനൊപ്പം NSS ജനറല്‍ സെക്രട്ടറിയെന്നു രേഖപ്പെടുത്തിയിരുന്നുപോലുമില്ല.എത്ര ഉദാത്തമായ ഒരു മാതൃക.അടുത്ത സമയത്ത് വനിതാക്കമ്മീഷനും ഒരു വിവാഹത്തിനു 15000 രൂപയില്‍ കൂടുതല്‍ ചിലവഴിക്കരുതെന്നു അഭിപ്രായപ്പെട്ടിരുന്നു.ഈ ഉന്നതമായ മാതൃക ക്രൈസ്തവ സമൂഹവും വിശിഷ്യാ വേര്‍പെട്ട ദൈവജനവും ഒരു വെല്ലുവിളിയായി ഏറ്റെടുക്കുമോ?
പരിഷ്കൃതിയുടെ മറുവശമാണ് ജീര്‍ണ്ണതകള്‍.ഉപരിതലബദ്ധമായ പരിഷ്കാരത്തിന്‍റെ ആവരണങ്ങള്‍ക്കിടയില്‍ നാം കാണാതെ പോകുന്ന നമ്മുടെ സമൂഹത്തിന്‍റെ ജീര്‍ണ്ണതകള്‍ ,ആത്മീകബോധം വേണ്ടത്രയില്ലാത്തവര്‍ക്ക്,കെട്ടുകാഴ്ചകള്‍ ആകര്‍ഷണമായി തോന്നും എന്നു മാത്രമല്ല,അത് സ്വന്തം ജീവിതത്തില്‍ പകര്‍ത്തുവാനുള്ള അപകടകരമായ സ്ഥിതി വിശേഷവും ഉണ്ടാകും.നമ്മുടെ മിക്ക ശുശ്രൂഷകളും വെറും കെട്ടുകാഴ്ച്ചയായി അധഃപതിച്ചിരിക്കുന്നു. വിരുന്നുണ്ണാന്‍ വരുന്നവരുടെ എണ്ണവും പൊണ്ണവും പെണ്ണണിയുന്ന സ്വര്‍ണ്ണപണ്ടങ്ങള്‍,വിരുന്നു വിഭവങ്ങള്‍,ഉടയാടകള്‍ ഇതെല്ലാം പണ്ടേയ്ക്ക് പണ്ടേ വിരുന്നു വിളിക്കുന്നവന്‍റെ വീരരഹസ്യമായി പ്രകീര്‍ത്തിക്കപ്പെടാറുണ്ട്.ഇത്തരം പൊങ്ങച്ചങ്ങള്‍ ബ്രദറണ്‍ സമൂഹത്തില്‍ കയറിക്കൂടിയിട്ടു കാലങ്ങളായി എങ്കിലും അത് ഇന്ന് ഊക്കോടെ ഊതി വീര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
വിവാഹ നിശ്ചയ ശുശ്രൂഷ പോലും വിവാഹം പോലെ കെങ്കേമമാക്കുന്നു.നിയുക്ത്ത വരനും വധുവും വിവാഹം കഴിഞ്ഞത് പോലെ പെരുമാറുന്നു.അമിതാവേശത്തില്‍ ഇതിലെ ആത്മീയത ശ്രദ്ധിക്കപെടാതെ പോകുന്നു എങ്കിലും ഒരു ഇടവേള ഉള്ളതുകൊണ്ട് വരനും വധുവും ജീവിച്ചിരുന്നെങ്കിലെ വിവാഹം നടക്കൂ എന്ന കേവല സത്യം പോലും നാം മറന്നു പോകുന്നു.
എപ്പിസ്കോപ്പല്‍ സഭകളില്‍ ശുശ്രൂഷാവേളകളില്‍ അവരുടെ ശുശ്രൂഷകന്മാര്‍ മാത്രമേ ശുശ്രൂഷാ വേദികളില്‍ കാണുകയുള്ളൂ.മുഖ്യമന്ത്രിയാെണങ്കിലും വേദിക്ക് പുറത്താണ്.ഇവിടെ നാം വേദികള്‍ കൊഴിപ്പിക്കുന്നത് രാഷ്ട്രീയ നേതാക്കന്മാരുടെയും ,സാമൂഹ്യപ്രവര്‍ത്തകരെയും പാതിരിമാരെയും കൊണ്ടാണ്.അവരുടെ ആശംസകള്‍ ,നടത്തുന്ന സഭയുടെ ആശംസകള്‍ ,വരന്‍റെ ഭാഗത്തുനിന്ന് ,വധുവിന്‍റെ ഭാഗത്ത് നിന്ന്,അവര്‍ വിദേശത്ത് കൂടി വരുന്നവര്‍ ആണെങ്കില്‍ അവരുടെ വക പ്രത്യേകം…ഇങ്ങനെ ആശംസകളുടെ ഒരു കുത്തൊഴുക്കാണ്.പിന്നെ കേക്ക്,കരിക്ക്,പുഷ്പവൃഷ്ട്ടി,പടക്കം,സാരി മാറല്‍.ഇതിന്‍റെ എല്ലാം ഒടുവില്‍ പുട്ടിന് തേങ്ങ ഇടുന്നതുപോലെ അല്‍പസമയം വചനശുശ്രൂഷ.ഇതു കേട്ടിട്ടുവേണം ഒരു മണി കഴിഞ്ഞിട്ടും ചോറു കിട്ടാതെ വിശന്നു വിയര്‍ത്തു നില്‍കുന്ന വിരുന്നുകാരില്‍ നിന്നും കര്‍ത്താവിന്‍റെ മണവാട്ടിയെ ഒരുക്കുവാന്‍.സദ്യ കഴിഞ്ഞാലും ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല.ഈ അടുത്ത സമയത്ത് കേരളത്തിലെ പ്രസിദ്ധനായ ഒരു വേദാദ്ധ്യാപകന്‍റെ മകന്‍റെ വിവാഹത്തിന്‍റെ വിരുന്നിനുശേഷം നവദമ്പതികളെ സ്കൂട്ടറില്‍ കയറ്റി ധാരാളം ബൈക്കുകളുടെ അകമ്പടിയോടുകൂടി കൊട്ടും കുരവയുമായി ഊരുചുറ്റി എന്നു പുറംലോകത്തുള്ളവര്‍ പോലും പറയുന്നു.അകമ്പടിക്കാര്‍ ഈ സമീപകാലത്ത് വിവാദമായ ഒരു സിനിമയിലെ വേഷമണിഞ്ഞിരുന്നു.മറ്റുള്ളവരെ പഠിപ്പിക്കുന്ന ഈ കര്‍ത്തൃദാസന്‍ വീട്ടില്‍ എന്താണ് പഠിപ്പിക്കുന്നത്.കേരളത്തിനു വെളിയിലുള്ള ഒരു കര്‍ത്തൃദാസന്‍റെ മകന്‍റെ വിവാഹ ശുശ്രൂഷ കഴിഞ്ഞത് വളരെ വൈകിയാണ്.മണവാട്ടി മടങ്ങിപ്പോകുന്നതിനു കുതിരവണ്ടി വേണമെന്ന് ശഠിച്ചു.ഗത്യന്തരമില്ലാതെ മണവാളന്‍റെ വീട്ടുകാര്‍ കുതിരവണ്ടിക്കാരനെ വിളിച്ചുണര്‍ത്തി വണ്ടി അലങ്കരിച്ചു യാത്രയാക്കി.വിവാഹ നിശ്ചയം വരെ അല്ലെങ്കില്‍ വിവാഹം വരെ നിയുക്ത മണവാളനും മണവാട്ടിയും മറഞ്ഞിരിക്കുന്നത് പങ്കെടുക്കുവാന്‍ വരുന്നവര്‍ക്ക് ഒരു ആകാംക്ഷ ഉളവാക്കുന്നതാണ്.ആ ആകാംക്ഷ കൂടി ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ട കുറികള്‍ തല്ലിക്കെടുത്തിയിരിക്കുന്നു.ഇപ്പോള്‍ നടന്ന ഒരു വിവാഹത്തിന്‍റെ വിവരങ്ങള്‍ കേട്ടപ്പോള്‍ അവിശ്വസനീയമായി തോന്നി.ഒരു മുഴുവേലക്കാരന്‍റെ മകളുടെ വിവാഹവേദിയില്‍ തന്‍റെ സവര്‍ണ്ണപ്രത്യയശാസ്ത്ര മുഖംമൂടി അഴിഞ്ഞു വീണത് എല്ലാവരും കണ്ടു.വളരെ തന്ത്രപരമായി ബോധപൂര്‍വ്വം കറുത്തവരെ വേദിയില്‍ നിന്നും ഒഴിവാക്കി.വരന്‍റെ ഭാഗത്തുനിന്ന് ഉള്ളവരെ വേദിയില്‍ കയറ്റിയില്ല എന്ന് മാത്രമല്ല,യാതൊരു ശുശ്രൂഷകളും നല്‍കിയില്ല.രേഖകളും തന്നെത്താന്‍ ചമച്ചു എന്നാണറിവ്.എന്തായാലും അഭിമാനത്തിന്‍റെ സകല ഉടുപുടവകളും അഴിഞ്ഞാണ് വരനെയും കൊണ്ടുവന്ന സ്ഥലം സഭ മടങ്ങിയത്.സഭകളെ ധിക്കരിച്ച് ഒരു യജമാനനാകുവാനുള്ള അതിമോഹം നമ്മുടെ ആളുകളില്‍ എത്രമാത്രം എന്നതാണ് ഇത്തരം അനുഭവങ്ങള്‍ തുറന്നു കാട്ടുന്നത്.വിവാഹ ശുശ്രൂഷ നടത്തുന്നതില്‍ സ്ഥലം സഭകള്‍ക്ക് യാതൊരു പങ്കുമില്ലേ? ഒരു കാലത്ത് സ്ഥലം സഭകള്‍ ചെയുന്ന ശുശ്രൂഷകള്‍ ഇന്ന് വ്യക്ത്തി കേന്ദ്രീകൃതമായി മാറിയിരിക്കുന്നു.
ഇത്തരം ഊതിവീര്‍പ്പിക്കപ്പെട്ട പോങ്ങച്ചങ്ങളില്‍ നിന്നും മുഴുവേലക്കാരനും പാതി വേലക്കാരനും വേലയൊന്നും ഇല്ലാത്തവനും മോചിതരല്ല എന്നുള്ളതാണ് ഈ അടുത്ത സമയത്ത് നടന്ന വിവാഹ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.ഇതെല്ലാം കണ്ടു മടങ്ങിവരുന്നവന്‍ ഒരു ഷൂട്ടിങ്ങില്‍ പങ്കെടുത്ത പ്രതീതിയല്ലാതെ യാതൊരു ആത്മീക ഉത്തേജനവും ലഭിക്കുന്നില്ല.
വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവുമായിരിക്കട്ടെ. (എബ്രാ. 13:4) വിവാഹം ഏതു ജാതിയും മതവും നാടും ഒരുപോലെ ആദരിക്കുന്നതും ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതും ആണ്.എന്നാല്‍ വിശ്വാസികളെ സംബന്ധിച്ചു ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചും ദൈവിക അനുഗ്രഹത്തിനായി പ്രതീക്ഷിച്ചും നടത്തുന്ന ആത്മീക ശുശ്രൂഷയാണ്.ഇതു വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ആത്മീക ശുശ്രൂഷയായതുകൊണ്ട് സ്തോത്രഗാനങ്ങള്‍ പാടിയും പ്രാര്‍ത്ഥിച്ചും ദൈവവചനത്തില്‍ നിന്ന് ശുശ്രൂഷിച്ചും,കര്‍ത്തൃശുശ്രൂഷകന്മാരാല്‍ ആത്മീക അന്തരീക്ഷത്തിലാണ് വിവാഹ ശുശ്രൂഷ നടത്തേണ്ടത്.ഒരു കാലഘട്ടത്തില്‍ അങ്ങനെ തന്നെയായിരുന്നു.എന്നാല്‍ ഇന്ന് വിവാഹ ശുശ്രൂഷയുടെ ഈ അത്മീകഭാഗം വെറുമൊരു ചടങ്ങായി മാത്രം തീരുകയും,ലോകക്കാരെ വെല്ലുന്ന ആചാരങ്ങളും ചടങ്ങുകളുംകൊണ്ടു നമ്മുടെ വിവാഹവേദികള്‍ വികൃതമായിത്തീര്‍ന്നിരിക്കുന്നു.വിരുന്നുവാഴിയുടെ മുഴുവന്‍ പ്രതാപവും പ്രദര്‍ശിപ്പിക്കുവാന്‍ ഒരു ഉദ്യമം എന്നല്ലാതെ ഇതു വീക്ഷിക്കുന്നവര്‍ക്ക് ആത്മീകമായി എന്തെങ്കിലും ലഭിക്കുന്നുണ്ടോ?
അവിശ്വാസികളായ നമ്മുടെ ബന്ധുജനങ്ങളും സ്നേഹിതരും യോഗങ്ങള്‍ക്കു വിളിച്ചാല്‍ വരാത്തവര്‍-അപൂര്‍വ്വമായി വന്നുചേരുന്ന അസുലഭ സന്ദര്‍ഭമാണ് വിവാഹവേള.ഒരു കാലത്ത് ആത്മീക അന്തരീക്ഷത്തില്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവില്‍ നിറഞ്ഞു നിന്ന ശുശ്രൂഷകള്‍ യഥാര്‍ത്ഥ മണവാളനായ ക്രിസ്തുവിങ്കലേക്ക് അനേകരെ ആകര്‍ഷിച്ചിരുന്നു.ഇന്ന് ‘ഇതെന്ത്’ എന്ന് ചോദിച്ചു കൊണ്ട് മടങ്ങിപ്പോകുവനാണ് കഴിയുന്നത്.അതിനെക്കാള്‍ ദുഖകരമായ ഒന്ന് ,സഭയുടെ മൂപ്പന്മാരും ശുശ്രൂഷകന്മാരും ഇതിനു കുടപിടിക്കുന്നു എന്നുള്ളതാണ്.പണക്കൊഴുപ്പും ഭൌതീകത്വവും പുതുപ്പണക്കാരുടെ മടിശീലകളും ആത്മീകത്വത്തെ വിഴുങ്ങിക്കളഞ്ഞു.ആഡംബരത്തിനും ആഘോഷത്തിനും നാം ചിലവഴിക്കുന്ന പണത്തിനു കണക്കുപറഞ്ഞേ മതിയാകൂ.വിവാഹബന്ധത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതിമാര്‍ക്കും പുതുതലമുറക്കും ഇങ്ങനെയുള്ള ശുശ്രൂഷകളില്‍ കൂടി നമുക്ക് എന്ത് സന്ദേശമാണ് നല്‍കുവാനുള്ളത്.ഇത്തരുണത്തില്‍ സ്ഥലം സഭയിലെ മൂപ്പന്മാരും ശുശ്രൂഷകന്മാരും ജാഗ്രതരായിരുന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒട്ടേറെ പരിഹാരം കാണുവാന്‍ കഴിയും.
സ്ഥലം സഭയിലെ ശുശ്രൂഷകള്‍ ആത്മീകവല്‍ക്കരിക്കുവാന്‍ അവര്‍ കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കണം.സ്ഥലം സഭകള്‍ നേതൃത്വം നല്‍കുന്ന ശുശ്രൂഷകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇത്തരം പൊങ്ങച്ചങ്ങളെ പ്രോത്സാഹിപ്പിക്കാതെ പിഴിതെറിയണം.