02 May

കുടുംബ ബന്ധങ്ങള്‍ സാര്‍ത്ഥകമാകാന്‍

കുടുംബ സംഗമങ്ങള്‍, കൌണ്‍സിലിംഗ് ഇവ പൊതുവെയും നമ്മുടെ മദ്ധ്യത്തിലും അടുത്ത സമയത്ത് വളരെയധികം പ്രചാരം നേടിയിട്ടുണ്ട്.യുവമിഥുനങ്ങല്‍ക്കായുള്ള പ്രത്യേകം കൌണ്‍സിലിംഗ്, വിവാഹ ബന്ധത്തില്‍ പ്രവേശിക്കുവാന്‍ പോകുന്നവര്‍ക്കും പ്രവേശിച്ചവര്‍ക്കും പ്രത്യേകം; ഇങ്ങനെ കൌണ്‍സിലിംഗ് സെന്‍ററുകളില്‍ കൂടിയും അല്ലാതെയും ഉപദേശങ്ങള്‍ നല്‍കുവാന്‍ സാമൂഹ്യ പരിഷ്കര്‍ത്താക്കളും ക്രൈസ്തവ നേതാക്കന്മാരും വളരെ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ മദ്ധ്യത്തിലും അടുത്ത സമയത്ത് സുവിശേഷ മഹയോഗങ്ങളോടു ചേര്‍ന്നും അല്ലാതെയും കുടുംബ സംഗമങ്ങളും കൌണ്‍സിലിംഗും ഒക്കെ സംഘടിപ്പിക്കുവാന്‍ സംഘാടകരെ പ്രേരിപ്പിക്കുന്നത് കുടുംബ തകര്‍ച്ചയും മറ്റേതു കാലഘട്ടത്തേക്കാളും കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ആണ്.
“ദൈവം ഏകാകികളെ കുടുംബത്തില്‍ വസിക്കുമാറാകുന്നു”(സങ്കീ: 68:6). കുടുംബം എന്ന സ്ഥാപനം ദൈവം ആരംഭിച്ചതുകൊണ്ടും ദൈവീക ചിന്തയില്‍പെട്ട അതിപ്രധാന വിഷയം ആയതുകൊണ്ടും ആണ് ആദിമുതല്‍ പിശാച് തന്‍റെ ബലിഷ്ടമായ കരങ്ങള്‍കൊണ്ട് അതിനെ തച്ചുടയ്ക്കുവാന്‍ ആവോളം പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീയുടെ തല പുരുഷന്‍, പുരുഷന്‍റെ തല ക്രിസ്തു: ഇങ്ങനെ ദൈവം തന്‍റെ അധികാരം കുടുംബം എന്ന വ്യവസ്ഥിതിയില്‍കൂടി സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ പിശാച് മറുവശത്ത് നിന്നുകൊണ്ട് തന്‍റെ അധികാരം സ്ഥാപിക്കുവാനും പ്രവര്‍ത്തന മേഖല ആക്കിമാറ്റുവാനും പരിശ്രമിക്കുന്നു. കുടുംബം സാത്താന്‍റെ പ്രവര്‍ത്തന മേഖല ആയി മാറിയത് ആദിയില്‍ ആദാമും ഹവ്വയും ദൈവ കല്പന ഉലംഖിച്ചതുകൊണ്ടും അവന്‍റെ മുന്‍പില്‍ തന്നത്താന്‍ ഏല്പിച്ചു കൊടുക്കുകയും ചെയതതുകൊണ്ടായിരുന്നു. ഭൂമിയിലെ എത്രയോ കുടുംബങ്ങളെ പിശാച് തന്‍റെ ഇരുമ്പു മുഷ്ടികൊണ്ട് കശക്കിയെറിഞ്ഞു.
ടയോജനീസ് എന്ന തത്വചിന്തകന്‍ പട്ടാപ്പകല്‍ റാന്തല്‍വിളക്കുകൊണ്ട് ഒരു നല്ല മനുഷ്യനെ അന്വേഷിച്ചു നടന്നതുപോലെ ഈ പാരിന്‍റെ പരപ്പില്‍ എവിടെയെങ്കിലും ഒരു നല്ല കുടുംബത്തെ കണ്ടെത്തുവാന്‍ കഴിയുമോ? ഒരു മാതൃകാ കുടുംബത്തിനുവേണ്ടി ബൈബിളിന്‍റെ പരപ്പുറ്റ പേജുകള്‍ പരതിയാല്‍ ഒരു പക്ഷെ പരാജയമാകും ഫലം. ആദാം, നോഹ, അബ്രഹാം, യാക്കോബ്, മോശെ,ശമുവേല്‍,ദാവീദ് ആദിയായ പഴയ നിയമ പുരുഷന്മാരുടെ കുടുംബ ജീവിതത്തെ പരാമര്‍ശിക്കുകയാണെങ്കില്‍ ചില നല്ല മാതൃകള്‍ കാണുവാന്‍ കഴിയുമെങ്കിലും അതോടൊപ്പം ആഴത്തിലുള്ള മുറിവുകളും അപസ്വരങ്ങളും കാണുവാന്‍കഴിയും. പുതിയ നിയമത്തില്‍ ചില നല്ല കുടുംബങ്ങളെ കണ്ടെത്തുവാന്‍ കഴിയുമെന്ന് നാം കരുതിയേക്കാം.യുവാവായ തിമോത്ഥിയോസിനെയും അവന്‍റെ അമ്മയെയും വലിയമ്മയെയും നാം എടുതുകാട്ടാറുണ്ട്….പക്ഷേ കുടുംബ നാഥന്മാര്‍ എവിടെ? അക്വിലാബും പ്രിസ്കില്ലയും ഉത്തമമായ കുടുംബത്തിന് ഉന്നതമായ മാതൃകയാണ്…. പക്ഷെ അവരുടെ കുട്ടികളെ കുറിച്ചുള്ള പരാമര്‍ശനങ്ങള്‍ ഒന്നും കാണുന്നില്ല. ഇതെല്ലാം അല്പമായി നാമ്മേ കുഴക്കുന്ന ചോദ്യങ്ങളല്ലേ? മാനവ ഉല്പത്തി മുതല്‍ ഇന്നുവരെ വിശാലമായ പാരിന്‍റെ പരപ്പില്‍ തിരുവെഴുത്തു പറയുന്ന പ്രകാരമുള്ള ഏതെങ്കിലും മാതൃകാ കുടുംബത്തെ കാണുവാന്‍ കഴിയും എന്നു തോന്നുന്നില്ല.
മുകളില്‍ പ്രതിപാദിച്ചിട്ടുള്ള കുടുംബങ്ങളെ കുറിച്ച് ആധികാരികമായി പഠിപ്പികുവാന്‍ പാഠവമുള്ള ഉപദേഷ്ടാക്കന്മാര്‍ പലരും നമ്മുടെ മദ്ധ്യത്തിലുണ്ട്. അവരുടെ സന്തേശങ്ങള്‍ നാം സാകൂതം ശ്രവിക്കുമ്പോള്‍തന്നെ പഠന വിഷയമാക്കിയ കുടുംബങ്ങള്‍ക്കേറ്റ ആഘാതങ്ങളും ആഴത്തിലുള്ള മുറിവുകളും പ്രതിപാധിക്കപെടാതെ പോകുന്നത് പ്രായേണ പ്രയോജന രഹിതവും പ്രയാസം ഉളവാക്കുന്നതുമാണ്. മറ്റൊരുകൂട്ടം ഉപദേഷ്ടാക്കന്മാരുടെ കയ്യില്‍ പ്രാദേശികവും ദേശീയവും സാര്‍വത്രികവുമായ സ്ഥിതിവിവരകണക്കുകളും ചോദിക്കുന്ന ഏതൊരു ചോദ്യത്തിനും ഉടനെ ഉത്തരം ഉണ്ടെങ്കിലും അവര്‍ ഒരിക്കലും അത്തരം അനുഭവങ്ങളില്‍കൂടി കടന്നുപോയിട്ടില്ല.പരിഹാരങ്ങള്‍ നിര്‍ദേശിക്കുമ്പോഴും അവരുട മുഖത്തെ ശൂന്യതാ ബോധവും കൃത്രിമമായ പുഞ്ചിരിയും അനുഭവങ്ങളുടെ അനാഥത്വതെയാണ് വെളിപ്പെടുത്തുന്നത്. ഇന്നു നാം നന്നായി പോകുന്നു എന്നു ചിന്തിക്കുന്ന പല മാതൃകാ കുടുംബങ്ങളുടെയും തേങ്ങലുകളും വിങ്ങലുകളും ആരോരും അറിയാതെ നാലുകെട്ടിന്‍റെ ഉള്ളില്‍തന്നെ നിറഞ്ഞു നില്‍ക്കുന്നു.ലോകത്തിലും ബൈബിള്‍ ചരിത്രത്തിലും ഒരു നല്ല കുടുംബത്തെ കണ്ടെത്തുവാന്‍ കഴിയുകയില്ല എങ്കില്‍ പിന്നെ എവിടെ കണ്ടെത്തുവാന്‍ കഴിയും? അതിന് ഉത്തരം ബൈബിള്‍ തന്നെ നല്‍കുന്നുണ്ട്. സ്വര്‍ഗ്ഗത്തിലുള്ളതും സ്വര്‍ഗ്ഗം തുറന്നുകാട്ടുന്നതുമായ അനുഗ്രഹീത കുടുംബ മാതൃകയാണ് എഫ്യേസ്യ ലേഖനം 5-ാം അദ്ധ്യായം 22 മുതല്‍ 32 വരെയുള്ള വാക്യങ്ങളിലും 6-ാം അദ്ധ്യായം പ്രാരംഭ ഭാഗങ്ങളിലും കാണുവാന്‍ കഴിയുന്നത്. സൃഷ്ടാവായ ദൈവം വൈവിധ്യങ്ങളും വൈരുധ്യങ്ങളും സമന്വയിപ്പിച്ചു ചേര്‍ത്തുണ്ടാക്കിയ സവിശേഷ സത്തയാണ് മനുഷ്യന്‍.ഓരോ മനുഷ്യനും പൂര്‍ണത തേടേണ്ടത് ദൈവത്തിന്‍റെ വഴി ആയതുകൊണ്ട് അപരിമെയവും പ്രായോഗികവുമായ ജ്ഞാനത്തിനുവേണ്ടി പരാജിതന്‍റെ മുഖത്തേക്കു നോക്കാതെ എല്ലാവര്‍ക്കും ഔദാര്യമായി കൊടുക്കുന്ന ദൈവത്തോട് യാചിക്കയല്ലേ വേണ്ടത്. അങ്ങനെയെങ്കില്‍ വിവാഹമോചനവും പുനര്‍വിവാഹങ്ങളും കുടുംബജീവിതത്തില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നമ്മുടെ മധ്യത്തില്‍ ഉണ്ടാകുകയില്ലായിരുന്നു.
മാനുഷിക ബന്ധങ്ങളില്‍ അടിസ്ഥാനപരമായ 3 ബന്ധങ്ങള്‍ആണ് തിരുവെഴുത്തില്‍കൂടി നമുക്ക് കാണുവാന്‍ കഴിയുന്നത്. മതപിതാക്കാന്‍മാരും കുട്ടികളുമായുള്ള ബന്ധം, ഭാര്യാഭര്‍തൃ ബന്ധം, സഹോദര സഹോദരീ ബന്ധം. ഒരു നല്ല പിതാവായി കുട്ടികളെ നല്ല പാതയില്‍ കൂടി നടത്തുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ സ്വര്‍ഗ്ഗീയ പിതാവിന്‍റെ മാതൃക എത്രയോ കരുണീയമാണ്.(എഫ,6:4).. അനുഗ്രഹീതമായ വിവാഹ ജീവിതത്തിന്‍റെ രഹസ്യം ആരായുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഭാര്യാഭര്‍തൃ ബന്ധത്തിന്‍റെ അഗാധ തലങ്ങളെ കുറിച്ച് “ഭാര്യമാരെ കര്‍ത്താവിനെന്നപോലെ ……..ഭര്‍ത്താവിനെ ഭയപ്പെടെണ്ടാതാകുന്നു”(എഫേ.5:22-32) വരയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു നല്ല മകനായി ജീവിക്കുവാനന്‍ മതിയായ നിര്‍ദേശം (എഫെ. 6:1-3) വരെയുള്ള വാക്യങ്ങളിലും പരിശുദ്ധാത്മ നിറവില്‍ സഹോദര സഹോദരീ ബന്ധത്തിന്‍റെ സമത കാത്തുസൂക്ഷിക്കുവാനുള്ള ഉപദേശം (എഫേ. 4 : 1-3) വരെയുള്ള വാക്യങ്ങളിലും കാണുവാന്‍ കഴിയും. സ്വര്‍ഗ്ഗം തുറന്നു കാട്ടുന്ന അനുഗ്രഹീത മാതൃകയിലേക്കും ദൈവ വചനതിലേക്കും നാം മടങ്ങി വന്നാല്‍ നമ്മുടെ ഇടയില്‍ കുടുംബങ്ങളിലുള്ള സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും അതോടെ അവസാനിക്കും.