കൊഴിഞ്ഞ കണ്‍വെന്‍ഷന്‍ വസന്തം
കേരളത്തില്‍ കണ്‍വെന്‍ഷന്‍ വസന്തം കൊഴിഞ്ഞു .ഐശ്വര്യ സമ്പൂര്‍ണ്ണമായ ജീവിതം സകലര്‍ക്കും ഉറപ്പുവരുത്തി നാം ഉള്‍വലിഞ്ഞു .ഇനിയും 2014 നവംബര്‍ മാസത്തോടുകൂടിയാണ് നാം ഉണര്‍ന്നെഴുനേല്‍ക്കുക.അതു വരെയും സഭ എന്ന ചത്വരത്തിനുള്ളില്‍ നാം ചടഞ്ഞു കിടക്കും.ഇനിയും കൂടുതല്‍ സമയം നാം ചിലവഴിക്കുക സംഘടനാ പ്രവര്‍ത്തനങ്ങള്‍ ,കോണ്‍ഫറന്‍സുകള്‍,സെമിനാറുകള്‍ ,വിദേശയാത്ര,ബിസിനസ്സു വര്‍ദ്ധിപ്പിക്കുക ,കലഹിക്കുക ഇത്യാതി കാര്യങ്ങളില്‍ ആയിരിക്കും.യോഗങ്ങളെക്കുറിച്ചും പ്രഭാഷനങ്ങളെക്കുറിച്ചുമുള്ള വിലയിരിത്തലുകള്‍ പല കോണുകളിലും നിന്നുമുണ്ടായി.ഭിന്നതകളുടെയും പ്രശ്നങ്ങളുടെയും കേസ്സുകളുടെയും മദ്ധ്യേ നടത്തിയ മഹായോഗങ്ങള്‍ പോലും ആത്മമാരി പെയ്തിറങ്ങുകയായിരുന്നു എന്ന മാധ്യമ വിചാരം കണ്ടു .എല്ലാം നന്നായി എന്ന മേനി പറഞ്ഞു പിരിയുമ്പോള്‍ തന്നെ പ്രശ്നങ്ങള്‍ പ്രശ്നങ്ങളായി അവശേഷിക്കുകയും ആരും മുമ്പോട്ടു വന്നില്ല എങ്കില്‍ തന്നെയും സ്വര്‍ഗ്ഗത്തില്‍ ചെന്ന് ആത്മാക്കളെ കണ്ടെത്തി സന്തോഷിക്കാം എന്ന പ്രതീക്ഷയാണ് സംഘാടകര്‍ നല്‍കുന്നത്.
പ്രാര്‍ത്ഥനയോടും,ആത്മഭാരത്തോടും,ഒരുമനപ്പെട്ടും നടത്തുന്ന സുവിശേഷയോഗങ്ങളെ തരം താഴ്ത്തിക്കാണിക്കുവാനല്ല ഈ വാക്കുകള്‍ കുറിക്കുന്നത്.അത്തരത്തിലുള്ള സുവിശേഷയോഗങ്ങള്‍ ഏതു കാലഘട്ടത്തിലും ആവശ്യമാണ്.”എന്നാല്‍ ശബ്ദം മാത്രം ആയുധമാക്കികൊണ്ടുള്ള ഒഴിവുകാലങ്ങളില്‍ മാത്രമുള്ള ഈ പ്രവര്‍ത്തനശൈലി നാം മാറ്റിയില്ല എങ്കില്‍ അവ നമ്മളെതന്നെ മാറ്റിക്കളയും”.മനനത്തിന്‍റെ ഉലയില്‍ ഇട്ടു ചുട്ടു പഴുപ്പിച്ച ഉച്ചഭാഷിണികളില്‍ കൂടിയുള്ള ഉച്ചത്തിലുള്ള വാങ്മയങ്ങള്‍ക്ക് മനുഷ്യനെ മാറ്റിയെടുക്കാം എന്ന ചിന്ത കാലഹരണപ്പെട്ടു കഴിഞ്ഞു.ജനത്തെ അഭിമുഖീകരിക്കാതെ അവരെ അകലത്തില്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനരീതി ആയതുകൊണ്ടായിരിക്കാം നമ്മുടെ സമൂഹം ഈ പ്രവര്‍ത്തനശൈലി കൈമുതലാക്കിയിരിക്കുന്നത്.രാഷ്രീയ പാര്‍ട്ടികളിലേക്കും മതങ്ങളിലേക്കും,സാമുദായങ്ങളിലേക്കും മനുഷ്യനെ ആകര്‍ഷിക്കുവാന്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനശൈലി മതിയാകും.
എന്നാല്‍ ആത്മാക്കളെ ആദായപ്പെടുത്തണം ,എങ്കില്‍ കര്‍ത്താവും അപ്പോസ്ത്തലന്മാരും അനുവര്‍ത്തിച്ച മാര്‍ഗ്ഗം നാം സ്വീകരിച്ചേ മതിയാകൂ.ദൈവത്തോടുകൂടെ ദൈവമായി സര്‍വ്വ കാരണസത്തയായി വിരാചിച്ചിരുന്ന ത്രിത്വത്തില്‍ രണ്ടാമനായിരുന്ന ക്രിസ്തു മനുഷ്യശരീരം ധരിക്കുന്ന ലാളിത്യത്തിലേക്ക് ഇറങ്ങി വന്ന് അവരോടു കൂടി പാര്‍ത്തിട്ടാണ് ഈ സന്ദേശം അറിയിച്ചത്.കര്‍ത്താവ് തുടങ്ങിവെച്ചത്തും അപ്പോസ്ത്തലന്മാര്‍ അനുകരിച്ചതും ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികള്‍ ഫലപ്രദമായി ഉപയോഗിച്ചതുമായ മാര്‍ഗ്ഗമാണ് ജനങ്ങളുടെ ഇടയില്‍ ജീവിച്ചു അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവരോടു സംവദിച്ചു അവരെ ക്രിസ്തുവിലേക്ക് ആനയിക്കുന്നു എന്നുള്ളത്.വ്യക്തികളെയും,കുടുംബങ്ങളെയും കൂട്ടങ്ങളെയും ക്രിസ്തുവിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ നാം വേഷപ്പകര്‍ച്ചയില്ലാതെ അവരുടെ മധ്യത്തില്‍ ജീവിച്ചേ മതിയാകുകയുള്ളൂ .മനുഷ്യനും മനുഷ്യനും മദ്ധ്യേ മനുഷ്യന്‍ കെട്ടിയുയര്‍ത്തിയ ജാതീയതയുടെ വേലി തകര്‍ത്തുകൊണ്ട് യേശു കുറഞ്ഞ പക്ഷം രണ്ടു ദിവസമെങ്കിലും കാല്‍നടയായി യാത്ര ചെയ്താണ് ശമര്യയില്‍ എത്തിയത്.സമൂഹത്തിലെ ഏറ്റവും വലിയ വൈക്രിതമായ ജാതീയതയുടെ കടയ്ക്കല്‍ കത്തി വെച്ചുകൊണ്ടാണ് യഹൂദര്‍ ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന ശമര്യാക്കാരിയോടു ഒരു നട്ടുച്ച നേരത്ത് കര്‍ത്താവു സംസാരിച്ചതും…..തുടര്‍ന്ന് അവരോടു സമ്പര്‍ക്കം പുലര്‍ത്തിയതും.അതിന്‍റെ ഫലമായി അവള്‍ വിശ്വസിച്ചു എന്നു മാത്രമല്ല ഒരു പട്ടണം മുഴുവനും കര്‍ത്താവില്‍ വിശ്വസിക്കുവാന്‍ കാരണമായിത്തീര്‍ന്നു.ഇന്നു നാം ഒരു ഉച്ചവെയിലില്‍ ആണ്.മൌലീക സത്യത്തിന്‍റെ വക്താക്കള്‍ ആയ നാം വെറും ഉച്ചഭാഷിണികളായി മാറാതെ ദാഹിക്കുന്ന ആത്മാക്കളുടെ അടുക്കലേക്ക് ഇറങ്ങിച്ചെന്നു അവരെ അവരെ ജീവജലത്തിന്‍റെ ഉറവയായ ക്രിസ്തുവിലേക്ക് ആനയിയ്ക്കാം.അതിനായി ദൈവം നമ്മെ ധാരാളമായി സഹായിക്കട്ടെ !!!!