28 Apr

ഞാന്‍ നിന്നോട് അരുളിച്ചെയ്യുന്ന പ്രസംഗം പ്രസംഗിക്ക

ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ മകന്‍ യോനാ അനുസരണംകെട്ട പ്രവാചകന്‍ എന്ന് ഖ്യാതി നേടിയിരുന്നവന്‍ എങ്കിലും ക്രിസ്തു തന്നെത്തന്നെ താരതമ്യപ്പെടുത്തി പ്രവാചകനെ പറഞ്ഞിരിക്കുന്നത് പലര്‍ക്കും വൈരുദ്ധ്യമായി തോന്നാം. ബി.സി.793 മുതല്‍ 753 വരെ യിസ്രായേല്‍ ഭരിച്ചിരുന്ന യൊരോബയാം ദ്വിതീയന്‍റെ സമകാലികനായിരുന്നു യോനാ എന്ന പ്രവാചകന്‍. ഏകദേശം 60 മൈല്‍ ചുറ്റളവുള്ള പുരാതന കാലത്തെ ഒരു മഹാനഗരമായിരുന്നു നിനെവ.നിനെവ നഗരത്തിന്നു ചുറ്റും നൂറടി ഉയരത്തിലും 40 അടി വണ്ണത്തിലും ഒരു കൂറ്റന്‍ മതില്‍ക്കെട്ട് ഉണ്ടായിരുന്നു.കോട്ടയുടെ സംരക്ഷണത്തിനുവേണ്ടി ചുറ്റിലും 150 അടി വീതിയിലും 60 അടി ആഴത്തിലും കിടങ്ങുകള്‍ ഉണ്ടായിരുന്നു. ശത്രുവിന്‍റെ ആക്രമത്തെ ചെറുത്തു നില്‍പ്പാന്‍ കെല്‍പ്പുള്ള ഈ നഗരത്തില്‍ 1,20,000 ല്‍ അധികം ജനങ്ങളും അതിനു തക്കവണ്ണം മൃഗങ്ങളും വസിച്ചിരുന്നു.
ദൈവം തന്‍റെ കരുണയില്‍ യിസ്രായേലിലെ ഒന്നാമത്തെ മിഷണറി എന്ന നിസ്തുല്യമായ സ്ഥാനവും ഏകദേശം ആയിരം മൈല്‍ കരമാര്‍ഗ്ഗം സഞ്ചരിച്ചു നിനവെയില്‍ എത്തി അതിനോടു പ്രസംഗിക്ക എന്ന മഹാദൌത്യവും അവനു കൊടുത്തു . എന്നാല്‍ യിസ്രായേലിന്‍റെ മഹാശത്രുവായ അശൂരിന്‍റെ തലസ്ഥാനമായ നിനവെയില്‍ ചെന്ന്‍ അതിനോട് പ്രസംഗിക്കുവാന്‍ ‘ദൈവം യഹൂദന്‍റെ മാത്രം ദൈവം’ എന്നു വിശ്വസിക്കുന്ന യോനയുടെ വേദശാസ്ത്രം അനുവദിച്ചില്ല. ദൈവിക ഉദ്ദേശത്തിനു വിപരീതമായി കുറെക്കൂടി ദൈര്‍ഘ്യമുള്ള കൂലികൊടുത്തുള്ള ഒരു ആഡംബരകപ്പല്‍യാത്ര യൂറോപ്പിന്‍റെ തെക്കേ അറ്റമായ തര്‍ശീസിലേക്ക് യോനാ തിരഞ്ഞെടുത്തു . എല്ലാവരും ഉറങ്ങിയാലും ജാഗ്രതയോടെ അവര്‍ക്കുവേണ്ടി കാവലിരിക്കേണ്ടുന്ന യോനാ എല്ലാവരും ഉച്ചത്തില്‍ തങ്ങളുടെ ദൈവത്തോട്‌ നിലവിളിക്കുമ്പോള്‍, അലമുറയിടുമ്പോള്‍ കപ്പലിന്‍റെ അടിത്തട്ടില്‍ സുഖസുഷുപ്തിയിലാണ്. മറ്റുള്ളവര്‍ വന്ന്‍ പ്രവാചകനെ ഉണര്‍ത്തുന്നത് എത്രയോ വിരോധാഭാസമാണ്! ദൈവത്തിന്നും കപ്പലിനും കപ്പല്‍ യാത്രികര്‍ക്കും ഭാരമായി തീര്‍ന്ന പ്രവാചകന്‍ ഒടുവില്‍ മഹാമത്സ്യത്തിനു ഭാരമായിത്തീരുന്നു. എന്നാല്‍ പാതാളത്തിന്‍റെ വയറ്റില്‍നിന്ന് അയ്യം വിളിക്കുന്ന യോനയെ അനുസരണം പഠിപ്പിച്ചു അത്ഭുതകരമായ വിധത്തില്‍ ദൈവം നിനവയിലേക്ക് അയയ്ക്കുന്നു.
മഹാമാല്‍സ്യത്തിന്‍റെ വായില്‍ നിന്നും പുറത്തുവന്ന യോനയുടെ സന്ദേശം കേട്ടു രാജാവും അവന്‍റെ മഹത്തുക്കളും വലിയവരും ചെറിയവരും രട്ടുടുത്തു വെണ്ണീറില്‍ ഇരുന്നു ഉപവസിച്ചു ദൈവത്തിങ്കലേക്ക് തിരിഞ്ഞു. മൃഗങ്ങളെപ്പോലും മേയ്ക്കുകയും വെള്ളംകൊടുക്കുകയും ചെയ്യരുത്‌ എന്നുള്ള കല്പന രാജാവ്‌ പുറപ്പെടുവിക്കത്തക്കവണ്ണം ശക്തമായിരുന്നു അവരുടെ മാനസാന്തരം. ലോകചരിത്രത്തിലെ ഏറ്റവും വലിയ മാനസാന്തരം…… ഒരു ലക്ഷത്തിഇരുപതിനായിരത്തോളം ആളുകള്‍ മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു.
യോനയുടെ പ്രസംഗം അത്യന്തം ഗൗരവം ഉള്ളതായിരുന്നു.എങ്കിലും അതിന്‍റെ അവതരണം ഏറ്റവും ലളിതവും ലഘുവും ആയിരുന്നു.നിനവെയോടു പറയുവാന്‍ യോനയ്ക്ക് ദൈവം കൊടുത്ത സന്ദേശം “ഇനിയും നാല്‍പ്പതു ദിവസം കഴിഞ്ഞാല്‍ നിനവെ ഉന്മൂലമാകും” പ്രവാചകന്‍ അതിനോട് ഒന്നും കൂട്ടുക്കുകയോ,കുറയ്ക്കുകയോ ചെയ്യാതെ ദൈവത്തിന്‍റെ അരുളപ്പാട് അതുപോലെ ആ ജനത്തെ അറിയിച്ചു.ഒരു പക്ഷെ തര്‍ശ്ശീസില്‍ തന്‍റെ കഴിവിലും മികവിലും ആശ്രയിച്ചു വാക്ചാതുര്യത്തോടെ പ്രസംഗിച്ചിരുന്നു എങ്കില്‍ പോലും ഫലം നാസ്തിയകുമായിരുന്നു. ബി.സി 765 ലും 759 ലും നിനവെയില്‍ ഉണ്ടായ രണ്ടു പകര്‍ച്ച വ്യാധികളും ബി.സി 763 ലെ സൂര്യഗ്രഹണവും ന്യായവിധിയെക്കുറി ച്ചുള്ള യോനയുടെ സന്ദേശം ശ്രദ്ധിക്കുവാന്‍ ജനത്തെ പ്രേരിപ്പിച്ചു കാണും.പ്രിയ ദൈവ ജനമേ നിനവെയെ മനസാന്തരത്തിലേക്ക് നയിച്ച ദൈവം ഇന്നും ജീവിക്കുന്നു.നിനവെയോടു അയ്യോ ഭാവം തോന്നിയ ദൈവം ജാതി,മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ മഹിനിയില്‍ ഉള്ള എല്ലാ മനുഷ്യരോടും മനസ്സലിയുന്നവനാണ്.ദൈവം അയയ്ക്കുന്ന സ്ഥലത്ത് ദൈവം നല്‍കുന്ന സന്ദേശം അറിയിച്ചാല്‍ ഇന്നും ആയിരങ്ങളെ മനസാന്തരത്തിലേക്കും രക്ഷയിലേക്കും നയിക്കുവാന്‍ കഴിയും.നമ്മുടെ ആസൂത്രണമോ ആധുനിക പ്രവര്‍ത്തന ശൈലിയോ വാക്ധോരണിയോ ഒന്നും അല്ല …പോകുക എന്നുള്ള അവന്‍റെ ആജ്ഞ ശിരസ്സാ വഹിച്ചുകൊണ്ട് അവന്‍റെ അരുളപ്പാടുകള്‍ പ്രസ്താവിക്കുക. ഫലം എത്രയോ ആശാവഹം ആയിരിക്കും .