ദൈവം ഒരുക്കുന്ന നടപ്പാത
ചണ്ഡീഗഡ് നഗരത്തിനു രൂപം നല്‍കിയ വാസ്തുശില്പ വിദഗ്ദ്ധനാണ് കര്‍ബ്യൂഷൃര്‍.പഞ്ചാബ് സര്‍വ്വകലാശാലയില്‍ ചെന്നു നോക്കിയപ്പോള്‍ അവിടുത്തെ ഉദ്യാനഭംഗികള്‍ക്ക് മാറ്റ് പോരെന്നു അദ്ദേഹത്തിനു തോന്നി.നടപ്പാതകള്‍ പോലും വെണ്ടും വണ്ണമല്ല നിര്‍മിച്ചിരിക്കുന്നത്.ഉടനെ അദ്ദേഹം അവിടെയുള്ള കെട്ടിടങ്ങളുടെയും തോട്ടങ്ങളുടെയും അളവെടുത്തു.അവയില്‍ ഓരോന്നിന്‍റെയും സ്ഥാനം എവിടെ വേണമെന്നു നിര്‍ണയിച്ചശേഷം തികച്ചും ശാസ്ത്രീയമായിട്ട് രൂപകല്‍പ്പന ചെയ്തു.പക്ഷേ ഒരു നോട്ടപ്പിഴ മാത്രം പറ്റി.അദ്ദേഹം ഒരുക്കിയ നടപ്പാതകള്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചില്ല.കുറുക്കു വഴികളിലൂടെ പോയാല്‍ പത്തടി ദൂരം ലാഭിക്കാനാകുമെങ്കില്‍ അവര്‍ അതിനാണ് ഒരുങ്ങിയത്.ചിലപ്പോള്‍ അവര്‍ മരത്തണലുകള്‍ക്കു വേണ്ടി നടപ്പാതകള്‍ ഒഴിവാക്കിയിരുന്നു.ഒരു നിശ്ചിത സ്ഥലത്തു മേലോട്ടു കയറുവാന്‍ ഭംഗിയുള്ള പടികള്‍ കെട്ടിയിരുന്നു.പക്ഷേ ആരും ആ പടികള്‍ ഉപയോഗിച്ചില്ല.അവര്‍ അടുത്തുള്ള ചരുവിലൂടെ കയറുവാനാണ് ഇഷ്ട്ടപ്പെട്ടത്.അങ്ങനെ ആ പടികളും പ്രയോജനരഹിതങ്ങളായി തീര്‍ന്നു.
അതുമൂലം മനുഷ്യസ്വഭാവത്തെപറ്റി ഒരു പാഠം ഉള്‍കൊള്ളാന്‍ ആ വിദഗ്ദ്ധനു സാധിച്ചു.സര്‍വ്വകലാശാലയുടെ വളപ്പിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ ഏതൊക്കെ വഴിക്കാണ് നടക്കാറുള്ളത് എന്ന് അദ്ദേഹം കുറേക്കാലം സൂക്ഷ്മനിരീക്ഷണം നടത്തി.അതിനുശേഷം “മനുഷ്യസ്വഭാവത്തിനു” യോജിച്ച പുതിയ നടപ്പാതകള്‍ക്കു രൂപം നല്‍കി. വിദ്യാര്‍ത്ഥികള്‍ സാധാരണ ഉപയോഗിക്കാറുള്ള വഴികളില്‍ നടപ്പാത നിര്‍മ്മിച്ചതോടെ പ്രശ്നവും തീര്‍ന്നു.വിദ്യാര്‍ത്ഥികള്‍ ആ നടപ്പാതകള്‍ പൂര്‍ണ്ണമായും ഉപയോഗിച്ചു.
ചരാചരനിബദ്ധമായ ഈ പ്രപഞ്ചത്തെ തന്‍റെ വാക്കിനാലും മനുഷ്യനെ തന്‍റെ കരുത്തുറ്റ കരാംഗുലി കൊണ്ടും മെനഞ്ഞെടുക്കുകയും ചെയ്ത സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയും സര്‍വ്വവ്യാപിയുമായ ദൈവത്തിനു തന്‍റെ സൃഷ്ടിയെ പറ്റി വ്യക്തമായ പദ്ധതിയും ലക്ഷ്യവും ഉണ്ടായിരുന്നു.സൂര്യനും,ചന്ദ്രനും,കോടാനുകോടി വാനഗോളങ്ങളും അതിന്‍റെ ഭ്രമണപഥം തെറ്റാതെ സൃഷ്ടാവിന്‍റെ ഇച്ഛയ്ക്കു വിധേയമായി ചലിച്ചുകൊണ്ടിരിക്കുന്നു .എന്നാല്‍ സൃഷ്ടിയുടെ മകുടമായി ദൈവം തന്‍റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപെട്ട മനുഷ്യന്‍ ദൈവത്തെ അനുസരിക്കാതെ ആദ്യം മുതല്‍ തന്നെ സ്വന്തം ഇഷ്ടപ്രകാരം നടന്നുതുടങ്ങി.ദൈവത്തിന്‍റെ സ്വന്തജനമായ യിസ്രായേലിനെ കുറിച്ചു നാം വായിക്കുന്നത് “ഓരോരുത്തന്‍ തനിക്കു ബോധിച്ചതുപോലെ നടന്നു ” എന്നാണ്.കര്‍ബ്യൂഷ്യറിനെപ്പോലെ മനുഷ്യസ്വഭാവത്തിനു അനുസരിച്ച് നടപ്പാതകള്‍ ഒരുക്കുന്ന ഒരു ദൈവത്തെ ആണ് പലപ്പോഴും മനുഷ്യന് ആവശ്യം.
ക്രിസ്തുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ഓരോ വിശ്വാസിയെ സംബന്ധിച്ചും ശില്പികളുടെ ഉടയവനായ കര്‍ത്താവിനു വ്യക്തമായ രൂപരേഖ ഉണ്ട്.ഇത് ഇടുക്കു വാതിലാണ് .ഇതിലൂടെ പ്രവേശിക്കുന്നവര്‍ തങ്ങളുടെ സ്വയവും,സ്വാര്‍ത്ഥ താല്‍പര്യങ്ങളും, ജഡീകമായ അഭിലാഷങ്ങളും ഈ വാതില്‍ക്കല്‍ ഉപേക്ഷിക്കേണ്ടതാണ്.അല്ലാത്തവര്‍ക്ക് ഈ നടപ്പ് വാളിന്‍റെ വായ്ത്തലയില്‍ക്കൂടി നടക്കുന്നത് പോലെ ദുഷ്ക്കരമാണ്.ഒരു വിശ്വാസിയുടെ നടപ്പിനെ സംബന്ധിച്ച് ദൈവത്തിന്‍റെ വ്യക്തമായ രൂപരേഖ അടങ്ങിയ അതിമനോഹരമായ ഉദ്യാനമാണ് ബൈബിള്‍.അതിന്‍റെ ഭംഗിയും സുഗന്ധവും ആസ്വാദിചു ജീവങ്കലേക്കുള്ള യാത്ര എത്ര സുഗമമാണ്.കര്‍ബ്യുഷ്യര്‍ എന്ന വാസ്തുശില്പിയെപ്പോലെ നമ്മുടെ സ്വഭാവം അനുസരിച്ച് നടപ്പാതകള്‍ ഒരുക്കുന്നവനല്ല കര്‍ത്താവ്. ക്രിസ്തുവില്‍ നിന്നും അവന്‍റെ വചനത്തില്‍ നിന്നും അല്‍പ്പം പോലും വ്യതിചലിക്കുവാന്‍ നമുക്ക് അവകാശമില്ല.കര്‍ത്താവ് തന്‍റെ ഗിരിപ്രഭാഷണത്തില്‍ ഇങ്ങനെ തിരുവായ് മൊഴിഞ്ഞു,”ആകയാല്‍ ഏറ്റവും ചെറിയ കല്‍പ്പനകളില്‍ ഒന്ന് അഴിക്കുകയും മനുഷ്യനെ അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവന്‍ എന്നു വിളിക്കപെടും “.കര്‍ബ്യൂഷ്യറിനെ പോലെയുള്ള ശുശ്രൂഷകന്മാരെയും നമുക്ക് ആവശ്യം ഇല്ല. ജനത്തിന്‍റെ പാപത്തിനു നേരെ വിരല്‍ ചൂണ്ടാതെ ജനത്തിന്‍റെ ഇംഗിതം അനുസരിച്ച് കര്‍ണ്ണരസമാകുമാറുള്ള പ്രഭാഷണങ്ങളും,കൈയ്യടി വാങ്ങുന്ന പ്രസംഗങ്ങളും കൊണ്ട് അവര്‍ സദസ്സിനെ ഇളക്കിമറിക്കുന്നു.ഫലമോ എല്ലാവരും ഒരുപോലെ വഴിതെറ്റി പോകുന്നു .
പ്രിയ ദൈവജനമേ ,ക്രിസ്തുവിലേക്കും അവന്‍റെ വചനത്തിലേക്കും മടങ്ങി വരാം .ജീവങ്കലേക്ക് പോകുന്ന വാതില്‍ ഇടുക്കവും വഴി ഞ്ഞെരുക്കവും ഉള്ളത്.അത് കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ..