സത്യത്തിന്‍റെ തൂണും അടിസ്ഥാനവുമായ…….
തൂണുകള്‍,സ്തൂപികകള്‍,സ്തംഭങ്ങള്‍ , ഇവ പരസ്പര പൂരകവും ചരിത്രത്തോളം തന്നെ പഴക്കവും ഉള്ളതാണ്. ബുദ്ധന്‍റെ മരണശേഷമാണ് സ്തൂപങ്ങള്‍ ഭാരതത്തില്‍ പ്രചുരപ്രചാരം നേടുന്നത്. ബുദ്ധന്‍റെ മരണത്തിന്‍റെ വസ്തുശില്പപരമായ പ്രതീകങ്ങള്‍ ആണ് സ്തൂപങ്ങള്‍.മൌര്യ സാമ്രാജ്യത്തിലെ ഏറ്റവും പ്രസിദ്ധനായ ചക്രവര്‍ത്തിയായ അശോകന്‍ കലിംഗ യുദ്ധത്തിനുശേഷം സത്യത്തിന്‍റെയും അഹിംസയുടേയും പാത സ്വീകരിച്ചുകൊണ്ട് ബുദ്ധമതാനുസാരിയായി. സ്തൂപങ്ങളിലും ശിലാസ്തംഭങ്ങളിലും അദ്ദേഹം ബുദ്ധമത തത്വങ്ങള്‍ കൊത്തിവച്ചു. ഭാരതത്തിന്‍റെ ദേശീയ ചിഹ്നമായ അശോകചക്രം സാരാനാഥിലെ ഒരു സ്തൂപത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ബൈബിള്‍ ചരിത്രത്തില്‍ത്തന്നെ അവിസ്മരണീയമായ അനുഗ്രഹീത ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഓര്‍മ്മ സ്തംഭങ്ങള്‍ കാണുവാന്‍ കഴിയും. അതുപോലെ ഓര്‍മ്മകളില്‍ അസ്വസ്ഥതയും ദുഃഖവും ജനിപ്പിക്കുന്ന ഉപ്പു തൂണ്‍, ദാഗോന്‍റെ ക്ഷേത്രത്തിലെ തൂണുള്‍ എന്നിവയെയും കാണാം .ദൈവിക ന്യായവിധിയെ തൂണുകളോട് ബന്ധപ്പെടുത്തി ബൈബിളിലെ ചില പ്രസ്താവനകള്‍ ആലങ്കാരികമായി കാണുവാന്‍ കഴിയും. “അവന്‍ ഭുമിയെ സ്വസ്ഥാനാത്തുനിന്നും ഇളക്കുന്നു; അതിന്‍റെ തൂണുകള്‍ കുലുങ്ങിപ്പോകുന്നു”. “ആകാശത്തിന്‍റെ തൂണുകള്‍ കുലുക്കുന്നു; അവന്‍റെ തര്‍ജ്ജനത്താല്‍ അവ ഭ്രമിച്ചുപോകുന്നു”.
ആപേക്ഷികമായി അത്രതന്നെ വണ്ണമിലാത്ത ഒറ്റപെട്ടു നില്‍ക്കുന്ന ലംബമായ ഒരു നിര്‍മ്മിതി ആണ് തൂണ്‍ എന്നത്. തൂണുകളുടെ ഉപയോഗങ്ങള്‍ വിവിധങ്ങളാണ്. ധാരാളം കൊത്തുപണികള്‍ ഉള്ള ചില തൂണുകള്‍ ഭംഗിക്കും അലങ്കാരത്തിനും വേണ്ടി മാത്രം ഉള്ളതാണ്. ഒരിക്കല്‍ ഒരു വാസ്തുശില്പി മേല്‍ക്കൂര താങ്ങുന്നതിനുവേണ്ടി മനോഹരമായ ഒരു കമാനം നിര്‍മ്മിച്ചു. അതിനു വിസ്താരം കൂടിപ്പോയി എന്നു തോന്നിയ ശില്പി ഒരു ഇടത്തൂണ്‍ നിര്‍മ്മിച്ച് അതിനു പരിഹാരം കണ്ടു. തൂണിന്‍റെ മുകള്‍ഭാഗം ആകട്ടെ കമാനത്തെ മുട്ടും എന്ന് തോന്നത്തക്ക നിലയില്‍ ഒരിഞ്ചു താഴെ വരെ മാത്രമായിരുന്നു ഉയരം. പുരാതന കാലത്ത് വന്‍ നിര്‍മ്മിതികള്‍ താങ്ങി നിര്‍ത്തുന്നതിന് പടുകൂറ്റന്‍ തൂണുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവ ബലം ക്ഷയിച്ച് അവിടവിടായി പൊട്ടിത്തകര്‍ന്ന് ഒന്നും താങ്ങി നിര്‍ത്തുവാനാകാതെ പഴയതിന്‍റെ മഹത്വം വിളിച്ചറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
എന്നാല്‍ ഇന്ന് എന്തിനു വേണ്ടിയാണോ നിര്‍മ്മിച്ചിരിക്കുന്നത് അതിന്‍റെ ഉപയോഗത്തെ പൂര്‍ണ്ണമായി തൃപ്തിപ്പെടുത്തുന്ന ഉറപ്പും ദൃഢതയും ഭാരം താങ്ങി നിര്‍ത്തുന്നതുമായ ഒട്ടനവധി തൂണുകള്‍ കാണുവാന്‍ കഴിയും. സത്യത്തിന്‍റെ തൂണും അടിസ്ഥാനവുമായ ദൈവസഭയോട് ഇതിനെ താരതമ്യപ്പെടുത്തുവാന്‍ കഴിയും. കര്‍ത്താവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടവരെക്കൊണ്ട് നിറഞ്ഞതാണ് ദൈവസഭയെങ്കിലും തൂണുകളായി എണ്ണപ്പെട്ട യാക്കോബിനേയും കേഫാവിനേയും പോലെ ചിലരെ കാണുവാന്‍ കഴിയും. ശക്തമായ പേമാരിയേയും കാറ്റിനെയും വെള്ളപ്പാച്ചിലിനെയും അതിജീവിക്കണമെങ്കില്‍ തൂണുകള്‍ക്ക് ഭൂമിയുടെ പരപ്പിന് മുകളില്‍ ഉള്ളതിനേക്കാള്‍ ഉറപ്പും ദൃഢതയും ആഴത്തില്‍ ഉണ്ടാകേണ്ടതുണ്ട് . ക്രിസ്തുയേശു തന്നെ മൂലക്കല്ലായിരിക്കെ നമ്മെ അപ്പോസ്തലന്മാരും പ്രവാചകന്മാരും എന്ന ശക്തമായ അടിസ്ഥാനത്തിന്മേലാണ് പണിതിരിക്കുന്നത്. ദൈവസഭയുടെ ഏറ്റവും വലിയ ഉത്തരവാദിത്തം സത്യത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അവന്‍റെ മഹത്വം വിളിച്ചറിയിക്കുക എന്നുള്ളതാണ്. പുരാതനകാലത്ത് വന്‍ നിര്‍മ്മിതികള്‍ താങ്ങി നിര്‍ത്തി ഇപ്പോള്‍ ബലം ക്ഷയിച്ച് നിലം പോത്താറായിരിക്കുന്ന തൂണുകള്‍ പോലെയല്ലേ ഇന്നുള്ള നമ്മുടെ മിക്ക സ്ഥലം സഭകളും പാരമ്പര്യവും പഴമയും പെരുമയും പറഞ്ഞു നടക്കുക എന്നുള്ളതല്ലാതെ നമുക്ക് എന്തെങ്കിലും അവിടെ പുതുതായി കാണുവാന്‍ കഴിയുമോ? ചില തൂണുകള്‍ മനോഹരമായ കൊത്തുപണികള്‍ കൊണ്ടും ചിത്രപ്പണികള്‍കൊണ്ടും അലംകൃതമാണെങ്കിലും അവ ഭാരം ഒന്നും വഹിക്കുന്നില്ല എന്നു മാത്രമല്ല വെറും അലങ്കാരത്തിനു വേണ്ടിയുള്ളവ മാത്രമാണ്. തൂണുകള്‍ എന്ന് അഭിമാനിക്കുക്കയും ഒരു പക്ഷേ മറ്റുള്ളവരുടെ മുമ്പില്‍ അങ്ങനെ കാണപ്പെടുകയും ചെയ്യുന്ന പല വിശ്വാസികളും ഇങ്ങനെയല്ലേ?
എന്നാല്‍ ഒരു യഥാര്‍ത്ഥ തൂണിന്‍റെ മഹത്വം അതിലുള്ള ചിത്രപ്പണികളോ കൊത്തുപണികളോ അല്ല; മറിച്ച് അല്പം പോലും കോട്ടം തട്ടാതെ ഊക്കോടെ ഭുമിയില്‍ നിന്ന് ഭാരം വഹിക്കുക എന്നുള്ളതാണ്.”വക്രതയും കോട്ടവും ഉള്ള തലമുറയുടെ മുമ്പില്‍ നിങ്ങള്‍ അനിന്ദ്യരും പരമാര്‍തഥികളും ദൈവത്തിന്‍റെ നിഷ്ക്കളങ്ക മക്കളും ആകേണ്ടതിന്……….അവരുടെ ഇടയില്‍ നിങ്ങള്‍ ജീവന്‍റെ വചനം പ്രമാണിച്ചുകൊണ്ട് ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.” കാലങ്ങള്‍ക്കുമുമ്പ് കന്യകയിലൂടെ സത്യം വ്യകതിത്വമായി ഈ ഭുമിയില്‍ അവതരിച്ചു വന്നു .സാക്ഷാല്‍ വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവിനേയും അവന്‍റെ മഹത്വത്തേയും സത്യവിശ്വാസികളായി ഭൂമിയില്‍ നിലനിന്നുകൊണ്ട് ലോകത്തിന്‍റെ മദ്ധ്യത്തില്‍ വിളിച്ചറിയിക്കുമ്പോള്‍ യഥാര്‍ത്ഥ സത്യത്തിന്‍റെ തൂണുകളായി നാം മാറും. കാറ്റ്, പേമാരി, ശക്തമായ വെള്ളപ്പാച്ചില്‍ ഇതുപോലെയുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ലക്ഷ്യം കൈവരിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്രയോ മഹത്വമുള്ളതാണ്. ജയിക്കുന്നവനെ ഞാനെന്‍റെ ദൈവത്തിന്‍റെ ആലയത്തില്‍ ഒരു തൂണാക്കും; അവന്‍ ഒരിക്കലും അവിടെനിന്ന് പോകയില്ല; എന്‍റെ ദൈവത്തിന്‍റെ നാമവും എന്‍റെ ദൈവത്തിന്‍റെ പക്കല്‍നിന്ന്, സ്വര്‍ഗ്ഗത്തില്‍ നിന്നുതന്നെ, ഇറങ്ങുന്ന പുതിയ യെരുശലേം എന്ന എന്‍റെ ദൈവത്തിന്‍റെ നഗരത്തിന്‍റെ നാമവും എന്‍റെ പുതിയനാമവും ഞാന്‍ അവന്‍റെമേല്‍ എഴുതും. സത്യത്തെ അതിന്‍റെതായ നിലയില്‍ ലോകത്തിനു പ്രതിഫലിപ്പിക്കുന്ന യഥാര്‍ത്ഥ തൂണുകളായി നമുക്ക് ഭൂമിയില്‍ നിലകൊളളാം.